Sunday, July 16, 2017

എന്‍റെ അമ്മയും രാമായണ മാസവും


Image may contain: 4 people, people standing

എന്‍റെ അമ്മ കര്‍ക്കടകസംക്രാന്തിയും ആണ്ടുപിറപ്പുസംക്രാന്തിയും കേമമായി ആഘോഷിക്കുമായിരുന്നു. വീടുംപരിസരവും വൃത്തിയാക്കും . അടുത്തുള്ളക്ഷേത്രങ്ങളില്‍ പോയി തൊഴുതുവരും. പിറ്റേദിവസം രാമായണ മാസാരംഭമല്ലേ. ഒന്നാംതീയതിമുതല്‍ ആരംഭിക്കും രാമായണവായന. വെളുപ്പിനേ എഴുന്നേറ്റ് കുളിച്ച് മുക്കൂറ്റിക്കുറിയും തൊട്ട് നിലവിളക്കു കൊളുത്തിവെച്ച് നിറഞ്ഞഭക്തിയോടെ അക്ഷരപ്പിശകുവരുത്താതെയുള്ള അമ്മയുടെ ആ രാമായണവായന കാണാനും കേള്‍ക്കാനും ഒരു പ്രത്യേക സുഖംതന്നെയായിരുന്നു. ഞങ്ങള്‍ പെണ്‍മക്കളെയും അന്നും തുടര്‍ന്നുള്ള 6 നാളുകളിലും മുക്കൂറ്റിച്ചാന്തുകൊണ്ട് പൊട്ടുതൊടുവിക്കും. രാമായണം കാലംകൂടുന്ന ദിവസം അതാത് രാമായണം വായിച്ചുതീരുന്ന ദിവസം (കര്‍ക്കടകം 31) വീട്ടില്‍ സദ്യയുണ്ടാക്കും. അന്ന് ആണ്ടുപിറപ്പു സംക്രാന്തിയല്ലേ. ഓട്, ചെമ്പ്, പിച്ചള തുടങ്ങിയ പാത്രങ്ങളൊക്കെ മച്ചുമ്പുറത്തുനിന്ന് ഇറക്കി തേച്ചുമിനുക്കിക്കേറ്റും. പിന്നെ അരിയും പലവ്യഞ്ജനങ്ങളും വെക്കുന്ന എല്ലാപാത്രങ്ങളും കഴുകിവൃത്തിയാക്കി വയ്ക്കും. ബാക്കിയുള്ള സാധനങ്ങളെല്ലാം വണ്ണാത്തിക്കും വേലത്തിക്കും കൊടുത്തശേഷം വീടിന്‍റെ നാലുപുറത്തുനിന്നും മണ്ണെടുത്ത് ഉപ്പും മുളകും കടുകും കൂട്ടി എല്ലാരേയും ചുറ്റി ഉഴിഞ്ഞിടും. പഞ്ഞമൊഴിക്കല്‍ എന്നാണ് ഇതിനെ പറയുന്നത്. കര്‍ക്കിടകമാസം പഞ്ഞമാസമാണെന്നാണല്ലോ വയ്പ്പ്.
അടുത്ത ദിവസം ഒന്നാം തീയതിയല്ലേ. കടയില്‍പ്പോയി പലവ്യഞ്ജനങ്ങളും അരിയും ഒക്കെ വാങ്ങി എല്ലാപാത്രങ്ങലിലും നിറയ്ക്കും. പിന്നെ വര്‍ഷന്തോറും സര്‍പ്പക്കാവിന് നാഗപ്പാട്ടുപാടുന്ന പുള്ളുവത്തിക്കും ഞങ്ങള്‍ക്കു നാവൂറുപാടുന്ന കൊറത്തിക്കും ഓണക്കോടിയും ഓണസ്സാമാനങ്ങളും വാങ്ങാനുള്ള പൈസകൊടുക്കും. അത് അവകാശമായി വാങ്ങന്‍ അവരെത്തിക്കൊള്ളും. അടുത്ത ഒരുവര്‍ഷത്തേക്കുള്ള ഐശ്വര്യത്തിനുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. അക്കാലങ്ങളില്‍, വീടിനെ ഐശ്വര്യമായി കാക്കുന്ന ഒരു ഐശ്വര്യദേവതയായിരുന്നു എന്‍റെ അമ്മ.
നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന കുഞ്ഞമ്മയായിരുന്നു അമ്മ. ആചാരങ്ങളും അനുഷ്ടാനങ്ങളും അതേപടി ആചരിക്കണം. അതില്‍ ഒരു വിട്ടുവീഴ്ചയും വരുത്താന്‍ അമ്മ തയാറല്ലായിരുന്നു. മരണംവരെ പ്രൗഢിവിടാതെ ജീവിക്കുകയുംചെയ്തു. കഴിഞ്ഞവര്‍ഷം അമ്മയുടെ ഒപ്പമിരുന്നാണ് മരുന്നുകഞ്ഞികുടിച്ചത്. ഈ വര്‍ഷം അമ്മയില്ലാത്ത കര്‍ക്കടകം... ഒന്നിനും ഒരു ഉഷാറില്ലാ. നെടിയൂട്ടം തറവാട്ടിലെ പെണ്ണുങ്ങള്‍ കുളം കുത്തിച്ചു കുളിച്ചവരാണെന്നൊരു പെരുമയുടെകഥ പറയാറുണ്ടായിരുന്നു എന്‍റെ അമ്മമ്മ. ആ ആജ്ഞാശക്തിയും സാമര്‍ത്ഥ്യവും കര്‍ശനബുദ്ധിയും ഒക്കെ അമ്മയില്‍ നിഴലിച്ചു കണ്ടിരുന്നു അവസാനംവരെ.
ഏകദേശം 34 വര്‍ഷങ്ങളോളം അന്യനാടുകളില്‍ ജീവിക്കേണ്ടതായി വന്ന എനിക്കും ഈ കേരള സംസ്കാരം വലിയയിഷ്ടമാണ്. പഞ്ഞമാസമായ കർക്കിടകത്തിൽ അതൊന്ന് കടന്നു കിട്ടാൻ വേണ്ടിയും ദുരിതങ്ങളൊഴിയാൻ വേണ്ടിയും ഭഗവാൻ ശ്രീരാമചന്ദ്രന്‍റെ അനുഗ്രഹം കിട്ടാനായിട്ടാണ് രാമായണം പാ‍രായണം ചെയ്തിരുന്നത് എന്ന് വിശ്വസിക്കുന്നു. ഒപ്പം ധര്‍മ്മാധര്‍മ്മവിജ്ഞാനങ്ങളും പുണ്യങ്ങളും നമ്മെ പിന്തുടരുമെന്ന ഉറച്ച വിശ്വാസങ്ങള്‍ മനസ്സില്‍ തുടര്‍ന്നുള്ള മാസങ്ങളിലേക്ക് നല്ല ഊര്‍ജ്ജവും പകരുന്നു.
എല്ലാ കൂട്ടുകാര്‍ക്കും ശ്രീരാമദേവന്‍റെ അനുഗ്രഹങ്ങളും സര്‍വ്വൈശ്വര്യങ്ങളും ഉണ്ടാവട്ടെ ! ശുഭദിനാശംസകളോടെ....
(Modified Repost)
സസ്നേഹം,
ദേവി.കെ.പിള്ള

2018 - ഒരു തിരിഞ്ഞുനോട്ടം

  2018നെ പലരും വിലയിരുത്തിയിരിക്കുന്നതുകണ്ട് ഞാനും ഒന്നു തിരിഞ്ഞു നോക്കുകയാണ്... ചുമ്മാ പറയരുതല്ലോ....വലിയ മോശമില്ലാതെ കടന്നുപോയി ട്ടോ. ഏറ്റ...