Friday, April 26, 2019

ചുമ്മാ തലതിരിച്ചെഴുതിയ ഒരു ഓർമ്മക്കുറിപ്പ്

 ചുമ്മാ  തലതിരിച്ചെഴുതിയ ഒരു ഓർമ്മക്കുറിപ്പ് 


(കനൽ എന്ന ഗ്രൂപ്പിനുവേണ്ടി എഴുതിയ ഒരു പോസ്റ്റ് എൻ്റെ പ്രിയകൂട്ടുകാർക്കായി ഞാനിവിടെയും പതിക്കുന്നു. അവിടെ വായിച്ചിട്ടുള്ളവർ ക്ഷമിക്കുക.)

സിനിമാലോകത്തെ തിരശ്ശീലയുടെ  പിന്നാപുറത്തെ  സകലകാലാവല്ലഭത്വത്തിന്റെ ഉടമയായ ശ്രീ. ആന്റണി ഈസ്ററ് മാൻ  കളർ സാറിന്റെ കളറുള്ള കനലമ്മ പോസ്റ്ററും  ഒരു ചെറുകുറിപ്പും ഇൻബോക്സിൽ കണ്ടു. എഴുത്തിന്റെ പലപല തിരക്കുകളിലാണെങ്കിലും സഹോദരതുല്യനായ അദ്ദേഹം പറഞ്ഞാൽപിന്നെ അപ്പീലുണ്ടോ ? അദ്ദേഹത്തിന്റെ സ്നേഹത്തിനുമുന്പിൽ  മറ്റൊരു ചിന്തയ്ക്കു മുതിരാൻ ഒരുക്കമില്ലാത്ത ഞാൻ,  തൽക്കാലം മനസ്സിൽ ഒരു രൂപവുമില്ലയെങ്കിലും മറുപടി കൊടുത്തു. എഴുതാം സാർ. അന്നുമുതൽ പല രംഗങ്ങളും ആലോചിച്ചു നോക്കി. ങേ ഹേ ...  ഒന്നും പിടിതരുന്ന മട്ടില്ല. എന്നാപ്പിന്നെ അറിയുന്നോരുടെ ആരുടെയെങ്കിലും കഥയാവാം എന്നുകരുതി എന്റെ തൂലികയുമായി ഞാൻ ഒരു യുദ്ധത്തിനുള്ള പുറപ്പാടായി. പിന്നെയും മനസ്സിലൊരു കൺഫ്യുഷൻ. ആരുടെയെങ്കിലും കഥയെഴുതിയിട്ടെന്തിനാ. അങ്ങനെ എനിക്ക് പറ്റിയ അബദ്ധംതന്നെ മറിച്ചിട്ടെഴുതി നോക്കി. ഒരുവെടിക്കുള്ള മരുന്നായെന്നു തോന്നി. പൊടിപ്പും തൊങ്ങലും തേച്ചുപിടിപ്പിച്ചു ഞാനിതാ  നിങ്ങളുടെ മുൻപിൽ വിരിച്ചിടുകയാണ് ട്ടോ. 


 അപ്പൊ പറഞ്ഞുതുടങ്ങാല്ലേ...

പട്ടാളക്കോർട്ടേഴ്‌സിലേക്ക് രണ്ടു കായംപീയം മക്കളെയുംകൊണ്ട് പിള്ളേട്ടന്റെ കൂടെ പൊറുതിക്കുപോയ കാലം. ഒരു ചായപോലും സ്വയം അനത്തിക്കുടിച്ചിട്ടില്ല ഈയുള്ളവൾ അന്നേവരെ. വല്ലോരും ഉണ്ടാക്കിമുന്നിൽ തന്നാൽ അതിൽ ആയിരം കുറ്റം കണ്ടുപിടിച്ചു ഞണ്ണുന്ന എന്റെ സ്വഭാവം ചിലനേരങ്ങളിൽ എനിക്കുതന്നെ അത്രയ്ക്കങ്ങോട്ടു ദഹിക്കാറില്ല. ഒടുക്കത്തെ ഈ മടി കാരണംതന്നെ ആവുന്നതും പറഞ്ഞുനോക്കി ഞാൻ നിങ്ങടെ അമ്മേടേം അനിയത്തിമാരുടേം കൂടെ കഴിഞ്ഞോളാന്ന്. ഈ ഗുട്ടൻസൊക്കെ പാടേ പൊളിച്ച കണവന്റെ നിർബന്ധത്തിനു വഴങ്ങി ഇറങ്ങിപ്പുറപ്പെട്ടപ്പഴേ ഓർക്കണമായിരുന്നു ദേവി. ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല. അനുഭവിച്ചോ അനുഭവിച്ചോ.
പട്ടാളച്ചിട്ട തലയ്ക്കുപിടിച്ച കാലമാണേ പിള്ളേട്ടന്.  മോൾക്ക് രണ്ടരവയസ്സ്, മോന് 3 മാസം. പീക്കിരികളെ വെള്ളത്തിലും തീയിലും പോകാതെ നോക്കിയെടുക്കുക അത്ര ചില്ലറക്കാര്യമൊന്നുമല്ലന്നറിയാല്ലോ. വാച്ചിൽ 4  അടിച്ചു.  ശ്വാസം പോലും വിടാതെ എത്ര ശ്രദ്ധിച്ചാ  ഞാനെണീറ്റതെന്നോ. എന്നിട്ടും  കൂടെ എണീറ്റു  രണ്ടു കിങ്കരന്മാരും. ആദ്യം  മൂത്തത് ഒക്കത്തു  കേറീട്ട്  ഇറങ്ങണ പണിയേയില്ല. മൂന്നു മാസേയുള്ളൂവെങ്കിലും കുട്ടികിങ്കരൻ കുശുമ്പുസഹിക്കാതെ തൊണ്ടകീറെ കരയാൻതുടങ്ങി.. അപ്പഴേക്കും പട്ടാളക്കാരന്റെ വക പിറുപിറുക്കലായി.. " ഹോ.....മര്യാദയ്ക്കൊന്നുറങ്ങാനും സമ്മതിക്കില്ല മനുഷ്യനെ. നിനക്കൊന്നു മെല്ലെ എണീക്കാൻ പാടില്ലായിരുന്നോ ന്ന്". പാകത്തിന് കിടക്കൻമേലായിരുന്നോ കിടക്കേല് എന്ന് ചോദിക്കാൻ തോന്നിയ എന്റെ നാവിനെ പാടുപെട്ടു നിയന്ത്രിച്ച. ഇതിലും മെല്ലെ എങ്ങനെയാ എണീക്കണ്ടെ ആവോ എന്നാക്കി  പിറുപിറുത്തുകൊണ്ട് 
പല്ലുതേയ്ച്ചുവന്നു ചായയുണ്ടാക്കാമെന്നു കരുതിയപ്പോഴേക്കും  അതിയാന്റെ  വക ഒരു ഇന്റർവ്യൂ.
"നീ കുളിച്ചോ?"
തുള്ളിച്ചാടിയെണീറ്റ നാവിനോട്  മര്യാദയ്‌ക്കെങ്ങാനുംഅവിടെ അടങ്ങിക്കിടന്നോ എന്റെ പല്ലു കളയിക്കാതെ എന്ന് മുറുമുറുത്തുകൊണ്ട്  മുഖത്ത് കൃത്രിമ ചിരിയൊക്കെ പാസ്സാക്കി,
"ഇല്ല. സമയം പോയിയേട്ടാ. ഞാൻ പിന്നെയെങ്ങാനും കുളിച്ചോളാം. എന്തേലും തിന്നാൻ ഉണ്ടാക്കാൻ നോക്കട്ടെ ഇപ്പൊ" 
എന്ന് കൊഞ്ചിക്കുഴഞ്ഞു മൊഴിഞ്ഞുനോക്കി. എവിടെ ..അങ്ങേരുടെ മൂഡ് മറ്റെവിടെയോ ആയിരുന്നു. അല്ല പിന്നെ. ഇന്റർവ്യൂ വിലെ അടുത്ത രണ്ടുമൂന്നു  ചോദ്യങ്ങൾ  പുറകെപുറകെയായി പിന്നെയും എന്നെ പിന്തുടർന്നു. പാവം ഞാൻ. എനിക്കെന്നോടുതന്നെ സഹതാപം തോന്നിയ നിമിഷം. പെട്ടെന്ന് ഞെട്ടിപ്പോയി പട്ടാളക്കാരന്റെ കനത്ത ശബ്ദത്തിൽ.  
"അതെന്തു ശീലം?  ഇവിടെ കുളിക്കാതെ പാചകം ചെയ്യണ്ടാ. നീയാദ്യം പോയി കുളിച്ചിട്ടു വാ."
"കിടക്കയുടെ ചുളുക്കുമാറ്റി കൊട്ടിക്കുടഞ്ഞു വിരിച്ചോ നീയ് 
"ടേബിളിൽ ഫ്രഷ് പൂക്കൾ വച്ചോ?" 
ഏതിനാണാദ്യമുത്തരം പറയുകയിപ്പോ ഇങ്ങനെ ചറപറാ ചോദ്യങ്ങൾ  തൊടുത്തുവിട്ടാൽ. എന്ന എന്റെ ചോദ്യം തൊണ്ടവരെ എത്തിയുള്ളു. നല്ല വിശപ്പുള്ളതുപോലെ ഞാനതങ്ങു വിഴുങ്ങി. 
ഹോ അടിമുടി വിറഞ്ഞുകേറി നാഗവല്ലിയുടെ നൃത്തചുവടുവയ്ക്കാൻ ഒരുങ്ങിയ കാലുകളെയും  തൽക്കാലം പിടിച്ചുകെട്ടി.. ഒന്നും മിണ്ടാൻ പറ്റില്ലല്ലോ. വീട്ടീന്നിറങ്ങാൻ നേരം അച്ഛനും അമ്മമ്മയും പറഞ്ഞ കുറെ കീറാമുട്ടി ഉപദേശങ്ങൾ  അവരോചിതമായി ഓർമ്മമണ്ഡലത്തീന്നൊരുചാട്ടമല്ലേ അപ്പപ്പോ...  "അവനെ ദേഷ്യം പിടിപ്പിച്ചു പെടവാങ്ങിയാൽ നീ ചത്തിരിക്കും" ന്ന അമ്മമ്മയുടെ സ്നേഹോപദേശമല്ലേ.. അനുസരിച്ചേക്കാം. . ഈയുള്ളോന്റെ ഗുണവതിയാരം എങ്ങനെയെന്ന് വലിയ പിടികിട്ടിയിട്ടില്ലല്ലോ തനിക്കിതുവരെ.. അതോണ്ടൊരു ചെറിയ പേടിയില്ലാതില്ല പട്ടാളക്കാരനെ. വായ്‌മൊഴിക്കു മറുമൊഴിയില്ലാതെ പാവം ഞാൻ,   
"മോളേ, ചക്കരേ, കുഞ്ഞാവ കരയാതെ കളിപ്പിച്ചോണേ" ന്നു പറഞ്ഞു പോയി കുളിമുറിയുടെ വാതിലടച്ചു.  അടുത്ത നിമിഷം ചക്കര ചെന്യായമായി തോന്നുംവിധം കതകിൽ തട്ടി വിളിക്കാൻ തുടങ്ങി..

"അമ്മേ ...., വാവയ്ക്കു പേടിയാ ഒറ്റയ്ക്കിവിടെ നിക്കാൻ"

"കുഞ്ഞൂ,  മോളു പേടിക്കണ്ടാ ടാ. അച്ഛയില്ലേ അവിടെ" എന്ന സമാധാനിപ്പിക്കലിന് .

"അച്ഛ ഒറങ്ങണ ഒച്ച കേട്ടിട്ടാ മോൾക്ക് പേടിയാവുന്നേ." 
എന്നൊരലർച്ചയോടെ  രംഗം കൂടുതൽ വഷളായി.  മോളുടെ കരച്ചിൽ കേട്ട് കുഞ്ഞും കരയാൻ തുടങ്ങി.. ഇതൊക്കെ കേട്ടിട്ടും  കൂർക്കം വലിച്ചു കിടന്നുറങ്ങുന്ന ആൾക്ക് ഒരു കുലുക്കവുമില്ല..ഭർത്താവായിപ്പോയില്ലേ. അല്ലെങ്കിൽ ഞാൻ.....  അടങ്ങൂ ദേവീ...അടങ്ങൂ... ആകെ തലയ്ക്കു പ്രാന്തായി . പിന്നെ ഒരു കണക്കിന് കുളിച്ചെന്നു വരുത്തി വന്ന് രണ്ടെണ്ണത്തിനേം സമാധാനിപ്പിച്ചശേഷം അടുക്കളയിലേക്കു കടന്നു. അമ്പോ എന്റെ ഒരു പമ്പു സ്റ്റവ് ഒരുമാതിരി നാത്തൂൻപോരു തുടങ്ങി.  ഏതു ജാംബവാന്റെ കാലത്തേതാണാവോ. ഒരു സ്ടവ്പോലും പുതിയത് വാങ്ങിയില്ലല്ലോ  എന്നോർത്ത്  സങ്കടംകൊണ്ടെന്റെ തൊണ്ടയിടറി. അത് കത്തുപിടിപ്പിക്കാൻ പെടാപ്പാടു കഴിക്കുമ്പോഴൊക്കെ ഞാനെന്റെ കണവനെ പുന്നാരിക്കുന്ന വാക്കുകൾ കേട്ട് എന്റെ അടുക്കളയുടെ നാല് ചുവരുകളും കാതുപൊത്തും. അല്ലെങ്കിൽ അവറ്റയുടെ ചെവിക്കല്ലു തെറിച്ചുപോയേക്കും.. ഒരു കണക്കിന് കട്ടൻചായ തിളപ്പിച്ചാറ്റികൊണ്ടുവന്നു കണവനെ  ഉണർത്തി ഒരുമിച്ചിരുന്ന് ആ ചായ കുടിച്ചെണീറ്റു.  Rest  Room  ലക്ഷ്യമാക്കി കണവനും  പാവം ഞാൻ അടുക്കളയിലെ പൊരണ്ടിഅടുപ്പിന്റെ അരികിലേക്കും. പാലു കാച്ചി, മുട്ട പുഴുങ്ങി,  ചായയുണ്ടാക്കി അതിന് കടിയുണ്ടാക്കി ചോറും ഒഴിച്ചുകറിയും തോരനും ഒക്കെയുണ്ടാക്കുന്നതിനിടയിൽ ഒരു പത്തുപ്രാവശ്യത്തെ പമ്പ് സ്റ്റവ്വിന്റെ  അമ്പട ഞാനേ  പറച്ചിലും  കെടലും കത്തിക്കലും തന്നെ. . എന്റെ പൊന്നേ, അതിനിടയ്ക്ക് മോളുടെ വക കുറുമ്പുകളും. ചെക്കന്റെ കരച്ചിലും. ഇതൊക്കെ തരണം ചെയ്യുമ്പോൾ ഞാനറിയാതെ പ്രാകിപ്പോയി. ഏതു പ്രണയവും കയ്പ്പക്കാനീരുപോലെ നാവിനെ മരവിപ്പിക്കുന്ന രംഗം. . പോയ ബുദ്ധിയെ ശപിച്ചു വന്ന ദേഷ്യം അടക്കി.. അല്ലാതെന്തു ചെയ്യാൻ?

"തീർന്നില്ലേ  നിന്റെ ജോലി. കുഞ്ഞുങ്ങളെ കുളിപ്പിക്ക്" വിളിച്ചുകൂവാൻ തുടങ്ങി.  ദേ വരുന്നേട്ടാ.... കൈയും തുടച്ചു വന്നു. മോളെ ആദ്യം കുളിപ്പിക്കാൻ നിന്നു. പെണ്ണിന്റെ മുടിഞ്ഞ ഒരു കുറുമ്പ്. രണ്ടു പിച്ചും നുള്ളുമൊക്കെ കൊടുത്തു കണ്ണും തുറിച്ചൊന്നു നോക്കിയപ്പോഴെ അവളടങ്ങിയുള്ളൂ.  മത്ത കുത്തിയാൽ കുമ്പളം മുളയ്ക്കുമോ. കുഞ്ഞിലേ അമ്മയോട് ചെയ്തതിനൊക്കെയാ  പലിശസഹിതം കിട്ടുന്നത് രണ്ടുകൈയും നീട്ടി വാങ്ങുകതന്നെ. അവളെ ഉടുപ്പിടീച്ചു നിർത്തീട്ടു  കുഞ്ഞിനെ കുളിപ്പിക്കാനുള്ളതൊക്കെ ഒരുക്കിവച്ചു  കുഞ്ഞിനെ  വാങ്ങി. മാസം മൂന്നേ ആയുള്ളൂവെങ്കിലും വല്ലാത്ത നെഗളിപ്പാ ചെക്കന്. ആകെ പേടിയാ കൈയീന്നെങ്ങാനും വഴുതുമോന്ന്.  ഒരുവിധം അതിനേം നനച്ചെടുത്തു കേറിയതേയുള്ളൂ.  തുടങ്ങീ അടുത്ത ഭരണം. 
"നീയെന്തമ്മ!!! കുട്ടികളെ കുളിപ്പിച്ചാൽ ഉടുപ്പുമാത്രമിട്ടുകൊടുത്താൽപ്പോരാ ,വാലിട്ടു  കണ്ണെഴുതി പൊട്ടു തൊടുവിച്ചു  ഭംഗിയാക്കണം. അതറിയില്ല ഈ അമ്മയ്‌ക്ക്  എന്നായി.  
അപ്പോഴേക്കും ഞാനമ്മയല്ലാണ്ടും ആയി.  അമ്മയല്ലെൻകിൽ വേണ്ടാ ആയയായേക്കാം എന്ന് പറയണമെന്നുണ്ടായിരുന്നു. പതിവുപോലെ അതും തൊണ്ടയിൽ കുരുങ്ങിനിന്നതേയുള്ളു. പുറത്തേക്കുവരാനുള്ള ധൈര്യം കാട്ടിയില്ല..ഭാഗത്തിന്.
മക്കളുടെ സൗന്ദര്യമൊക്കെ കണ്ടാനന്ദിച് ഹാജരായി തീൻ മേശയ്ക്കരികിൽ.
അച്ഛനും മോൾക്കും പ്രാതൽ  കൊടുത്തു് മോനു പാലും കൊടുത്തശേഷം കുഞ്ഞുങ്ങളെ അച്ഛനെ ഏല്പിച്ചിട്ടു അന്നുമാറ്റിയ തുണിയെല്ലാം കഴുകിവിരിച്ചു . എന്നിട്ട് മുറ്റമടിച്ചു  അകവും അടുക്കളയും തുടച്ചു വൃത്തിയാക്കാൻ നിന്നു .  അതിനു മുൻപേ വിളിതുടങ്ങി
 "കഴിഞ്ഞില്ലേ...എനിക്ക് പോകാൻ നേരം വൈകുന്നു...വേഗാവട്ടെ"
ആകെയൊരു വെപ്രാളമായി. എപ്പഴാ കൺട്രോളുപോയി കലിതുള്ളാൻപോകുന്നെ ന്നോർത്തു കാട്ടിക്കൂട്ടിയൊപ്പിച്ചൊക്കെ ചെയ്തെന്നു വരുത്തി വന്നു കുഞ്ഞിനെ പിടിച്ചു  (സൈക്കിൾ )കുതിരയുമെടുത്തൊരു പോക്കങ്ങു പോയി. 
" വാ മക്കളേ  നമുക്കുറങ്ങാം." എന്നു  പറഞ്ഞുപൊക്കണങ്ങളെയുംകൊണ്ട് അകത്തേക്ക് കേറി. വീടിന്റെ വാതിലുപോലൊരു ഗേറ്റാണ് . അത് അടച്ചു കുറ്റിയിട്ടു മുറിയിൽ കേറി മക്കളെ കിടത്തിയുറക്കി   ശ്വാസം പോലും വിടാതെ മെല്ലെയെണീറ്റു. 
നാട്ടിലാരൊക്കെ ചത്തൂന്നറിയാൻ പേപ്പറിന്റെ ചരമകോളമാണ്  ആദ്യം നോക്കിയത്.   ഒന്നോടിച്ചു നോക്കി നാട്ടുവിശേഷങ്ങളറിഞ്ഞു. ഇതൊക്കെ അറിയാണ്ടെങ്ങനെയാ  രാത്രിയുറങ്ങുക..അതുമാറ്റിവച്ചു  മനോരമ, മംഗളം, കുമാരി, ചെമ്പകം, കുങ്കുമം തുടങ്ങിയ വാരികകളിലെ കുടുംബങ്ങൾക്കൊക്കെ എന്തായെന്നറിഞ്ഞില്ലെങ്കിൽ വല്ലാത്തൊരു സമാധാനക്കേടാ. അത് തീർക്കാൻ മനസ്സിലാലോചിച്ചതേയുള്ളൂ  അപ്പോഴേക്കും മോളെണീറ്റു. വായന കഴിഞ്ഞു.  ഇനി അവളുടെ ബാലരാമായല്ലാതെ മറ്റൊന്നും വായിക്കണ്ടാ. അതിലെ കഥ വായിച്ചുകൊടുത്തില്ലേൽ വൈകീട്ടുവരുമ്പോൾ എന്റെ കഥ കഴിയും.
എല്ലാം ഒന്നൊതുക്കി, "മോളിവിടെയിരുന്നു കളിച്ചോളൂ ട്ടോ  'അമ്മ ഇച്ചിരിനേരം  കിടക്കട്ടെ" എന്നും പറഞ്ഞു . ഒന്ന് നടു നിവർത്താമെന്നു കരുതി കട്ടിലിലേക്ക് ചായുമ്പോഴേക്കും മണി  12  ആയെന്നു  വാൾ ക്ലോക്ക് തൊള്ളതുറന്നു. അതോടെ  നടുവൊന്നും ഇപ്പൊ നിവർത്തണ്ടാന്നു പറഞ്ഞു മോനുമുണർന്നു.  പിന്നെ മുള്ളലും അപ്പിയിടലും ആകെ ഒരു ബഹളം. ആരേലുമുണ്ടോ ഒന്നു കൈമാറിപ്പിടിക്കാൻ. നാട്ടിലായിരുന്നേൽ ആരേലുമുണ്ടായേനെ എന്നോർത്തപ്പോഴേക്കും കണ്ണുരണ്ടും നിറഞ്ഞു
ഇനിയൊരു ജന്മമുണ്ടെങ്കിൽ കല്യാണം കഴിക്കുന്ന പ്രശ്നമേയില്ല എന്നോരായിരം തവണ തലയിൽ കൈവച്ചു പറഞ്ഞതു വീണ്ടും ആവർത്തിച്ചു ഒരു ചെറിയ സമാധാനത്തിന്. ആ.... 
"സമ്പത്തു കാലത്തു തൈ പത്തു വച്ചാൽ
ആപത്തു കാലത്തു കാ പത്തു തിന്നാം "എന്നാണല്ലോ. പത്തെണ്ണം ഇല്ലേലും ഉള്ള രണ്ടെണ്ണത്തിനെ പരിപാലിച്ചുനോക്കാം എന്ന്  സ്വയം മനസ്സിന് സാന്ത്വനമോതി.
ഒരു ജോലി കിട്ടിയതിനു പോകണ്ടാന്നു പറഞ്ഞതുതന്നെ മഹാഭാഗ്യം. അതുംകൂടെയുണ്ടായിരുന്നെങ്കിൽ, എന്റമ്മോ! എനിക്കോർക്കാനേ വയ്യാ.


2018 - ഒരു തിരിഞ്ഞുനോട്ടം

  2018നെ പലരും വിലയിരുത്തിയിരിക്കുന്നതുകണ്ട് ഞാനും ഒന്നു തിരിഞ്ഞു നോക്കുകയാണ്... ചുമ്മാ പറയരുതല്ലോ....വലിയ മോശമില്ലാതെ കടന്നുപോയി ട്ടോ. ഏറ്റ...