Sunday, December 29, 2019


Image may contain: 1 person, smiling, text
ഞാനും എന്റെ രണ്ടായിരത്തിപ്പത്തൊൻപമ്പതും 


എന്റെ രണ്ടായിരത്തിപ്പത്തൊൻപതേ,

 2018 ചെയ്ത നന്മകളിലൂടെ അനുഭവിച്ച സന്തോഷങ്ങൾക്കെല്ലാം ഹൃദ്യമായി യാത്രാമൊഴി ചൊല്ലി  നിന്നെ വരവേൽക്കുമ്പോൾ ഞാൻ ഒരുപാടു മാറിയിരുന്നു. കഴിഞ്ഞകാലങ്ങളെയോർത്തു വിലപിക്കുന്നതിൽനിന്നും വരൻപോകുന്ന കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകളിൽനിന്നും ഒക്കെ ഒഴിഞ്ഞുമാറി തികച്ചും വർത്തമാനകാലം ആസ്വദിക്കുവാൻപോന്ന മാനസികാവസ്ഥ സ്വീകരിച്ചുകഴിഞ്ഞിരുന്നു.  പ്രളയത്തിലൂടെ നീ  നല്കിയ  പാഠങ്ങൾ ഹൃദയത്തെ അത്രയ്ക്ക് വിശാലമാക്കിയിരുന്നു. അതുകൊണ്ടുതന്നെ നിന്നെ വരവേൽക്കുമ്പോൾ വലിയ പ്രതീക്ഷകളേക്കാൾ എന്റെ മനസ്സിൽ നിറഞ്ഞിരുന്നത് അർഹതയ്ക്കനുസരിച്ചു ലഭിക്കുന്നതെന്തോ അതിനെ പൂർണ്ണമായി ആസ്വദിക്കുക എന്ന ലക്ഷ്യമായിരുന്നു.

 നീ എന്റെ ഓർമ്മത്താളുകളിലേക്കു വഴിമാറുവാൻ ഇനി രണ്ടേരണ്ടു ദിവസങ്ങൾമാത്രം അവശേഷിക്കുന്ന ഈ വേളയിൽ, കാലം ടീനേജിൽനിന്ന് 
കടക്കുന്നതോടെ ഞാനും വയോജനക്കൂട്ടത്തിലേക്ക് കാൽവയ്ക്കുന്ന വിവരം സസന്തോഷം നിന്നെ അറിയിക്കട്ടെ. ഈ ഡിസംബറിൽ നീ എനിക്ക് നല്കിയ   ഈ സന്തോഷകരമായ നിമിഷത്തെ എന്നെന്നും ഓർമ്മിക്കത്തക്കതാക്കിത്തന്നതിൽ അകമഴിഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നതോടൊപ്പം  ജീവിതത്തിന്റെ സായാഹ്നവിശ്രമത്തിൽ ഏറെസന്തോഷങ്ങൾ കാഴ്ചവച്ച  നിന്നെ ഞാൻ ഒരിക്കലും മറക്കാനാവാത്തവിധം  ഏഴുവർണ്ണങ്ങളും ചേർത്ത് മയിൽപ്പീലിയാൽ  നിന്റെ പിജിൽ ഞാനിതാ  കോറിയിടുന്നു. 

 ഇന്നലെകളിലേക്കൊന്നു തിരിഞ്ഞുനോക്കിയാൽ
എന്റെ അമ്മയുടെ മൂന്നാം ശ്രാദ്ധബലിഅർപ്പിക്കാൻ കൂടപ്പിറപ്പുകളോടൊപ്പം കൂടാൻ സാധിച്ചില്ല.
  പ്രളയം പേരിനൊന്നു പേടിപ്പിക്കാൻ അയലത്തുവരെ എത്തിയെന്നതല്ലാതെ വലിയതരക്കേടുകൾ ഒന്നുംതന്നെ കാണിച്ചില്ല ഇത്തവണ എന്നുതന്നെ പറയാം. ചുമ്മാ പറയരുതല്ലോ. പ്രിയപ്പെട്ടവരുടെ വിടപറയൽപീഡനങ്ങൾകൊള്ളകൊലഇവയൊക്കെ മുറതെറ്റിക്കാതെ വിഹരിച്ചു പതിവുപ്രഹരങ്ങൾനല്കിക്കൊണ്ടിരുന്നതിൽ വലിയ പിശകുകൾകാണിച്ചതായി അനുഭവപ്പെട്ടില്ല.
ബന്ധുക്കളുടെയും ഓൺലൈൻ സൗഹൃദങ്ങളുടെയും  സൽക്കാരച്ചടങ്ങുകളും  പല  സാഹിത്യസംഗമങ്ങളും മിസ്സ് ചെയ്തുഇതൊക്കെയാണ്  വലിയൊരു സന്തോഷത്തിനു വിതപാകിക്കൊണ്ടു നീ വിതച്ച നഷ്ടങ്ങൾ.

 ഇനി നേട്ടങ്ങളെ പരിശോധിച്ചാൽ,
ജനുവരി 18 ന് മോളുടെ പിറന്നാൾ ആഘോഷത്തിന്റെ അന്ന് ഞങ്ങളെ തേടിവന്ന വാർത്ത,"ഇവിടെഇപ്പോൾ നല്ല കാലാവസ്ഥയാണ് സ്ഥലങ്ങളൊക്കെ ചുറ്റിക്കറങ്ങാൻ എന്നും അച്ഛന്റെഅറുപതാംപിറന്നാൾ ആഘോഷമാക്കിയതുപോലെ അമ്മയുടെ അറുപതാം പിറന്നാളുംആഘോഷമാക്കണം" എന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള വിദേശയാത്രാക്ഷണത്തോടെയുള്ള മോന്റെ വീഡിയോ കാൾ ആയിരുന്നു.
ചേച്ചിയും ഇങ്ങോട്ടെത്തും അപ്പോഴേക്കും എന്ന് മോൻ പറഞ്ഞപ്പോൾ മനസ്സിൽ ഉണ്ടായ സന്തോഷംപറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നുഅതായിരുന്നു നീ കടന്നുവന്ന ആദ്യമാസത്തിൽത്തന്നെ ഞങ്ങളെത്തേടിയെത്തിയ
 കടിഞ്ഞൂൽ സന്തോഷം.  

അതിനുവേണ്ടിയുള്ള ഒരുക്കങ്ങളോടൊപ്പം ഒരു കഥാസമാഹാരപ്രസിദ്ധീകരണം എന്ന എന്റെ വലിയമോഹസാക്ഷാത്കാരത്തിന് മൂകാംബികയുടെ അനുഗ്രഹം ലഭിച്ച സന്തോഷവും സംതൃപ്തിയും നിൻറെ  മെയ് 18എന്ന താളിൽ  ഇടംപിടിച്ചതായിരുന്നു രണ്ടാമത്തെ  നിന്റെ സംഭാവന. 

വിസ പ്രോസസ്സിംഗ് ആരംഭിച്ചശേഷം  മോന്റെയും  മോളുടെയും കൊച്ചുമോളുടെയും(ഉണ്ണിമോൾ)കൂട്ടിനായി ഒരു ഉണ്ണിമോൻ വരാൻപോകുന്ന എന്നവിവരം ഡബിൾത്രിബിൾസന്തോഷവാർത്തയായി  ഞങ്ങളെത്തേടിവന്നതും നിന്റെ സംഭവനയിൽ അഗ്രഗണ്യമായ സ്ഥാനം വഹിച്ചു. 

മക്കളുടെ ചിരകാലമോഹമായിരുന്നു ഞങ്ങളുടെ വിദേശയാത്ര. 2008   ആരംഭിച്ച ഞങ്ങളുടെ വിമാനയാത്രകളുടെ സിൽവർജൂബിലി ആഘോഷമായിരുന്നു  കാനഡ യാത്ര. കൂടാതെ,  ആദ്യവിദേശയാത്ര എന്ന മുദ്രയും  നിന്റെ താളിലാണ് എനിക്ക് അടയാളപ്പെടുത്താൻ സാധിച്ചത്.
മക്കളുടെയും   കൊച്ചുമക്കളുടെയുംകൂടെ ആറുമാസം ശരിക്കും അടിച്ചുപൊളിച്ചുകാനഡയിലെ കുറച്ചു സ്ഥലങ്ങൾ സന്ദർശിക്കാൻ ഭാഗ്യമുണ്ടായി. ഇതൊക്കെ നീ എനിക്കായി കാഴ്ചവച്ച വലിയ വലിയ സംഭാവനകളാണ്.

 മനുഷ്യരാൽ പ്രകൃതിക്കു വലിയ ദോഷങ്ങൾ സംഭവിക്കാതെയും നന്മയും ന്യായവും സത്യവും  ജയിക്കുവാനും സന്മനസ്സുള്ളവരുടെ സമാധാനത്തിനും സന്തോഷത്തിനും  അതുമൂലം നാടിന്റെ ഉയർച്ചയ്ക്കും വേണ്ടി മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് നിന്നിലുണ്ടായിരുന്ന അതെ ലക്ഷ്യത്തോടെ  നിന്റെ അനിയനായ 2020 നെ സർവ്വ ആദരവുകളും നല്കി സസന്തോഷം വരവേൽക്കട്ടെ !

പകുതികാലം  നാട്ടിലും ബാക്കികാലം  വിദേശത്തുമായി വലിയദോഷങ്ങളൊന്നും വിതയ്ക്കാതെ കടന്നുപോയ  നിനക്ക്  ഒരായിരം നന്ദി.

എന്റെ എല്ലാ പ്രിയകൂട്ടുകാർക്കും നല്ലൊരു വർഷം  ആശംസിച്ചുകൊണ്ട്നിനക്കെന്റെ യാത്രാമൊഴി.!

ഹാപ്പി  ട്വന്റി  ട്വന്റി ! Happy  2020 

സ്നേഹപൂർവ്വം,
ദേവി കെ. പിള്ള.Thursday, November 21, 2019

കാനഡ സന്ദർശനം - ഭാഗം 1


       

      നയാഗ്രവെള്ളച്ചാട്ടം 

ജൂലൈ 15ന് രാവിലെ 10 മണിയോടെ നഹാനിവേയിലുള്ള മോന്റെ വീട്ടിൽ നിന്നു നയാഗ്ര വെള്ളച്ചാട്ടം ലക്ഷ്യമിട്ടുള്ള യാത്ര ആരംഭിച്ചു. മിസ്സിസ്സാഗ നഗരത്തിലെത്തിയപ്പോൾ ടിം ഹോർട്ടൻസ് കോഫി കാനഡയിൽ പ്രസിദ്ധമാണ് എന്നു പറഞ്ഞ് മോൻ അവിടുത്തെ കോഫിയുടെ പ്രത്യേക രുചി ഞങ്ങളെ അനുഭവിപ്പിച്ചു...കാറിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾതന്നെ 4കോഫീസ് ഡബിൾ ഡബിൾ എന്ന് ഓർഡർ ചെയ്ത് കാറിൽത്തന്നെയിരുന്നു കടയുടെ ഒരു ജനലിലൂടെ ഈ കോഫി വാങ്ങുന്ന രീതിയും എന്നെ നന്നേ രസിപ്പിച്ചു. ഈ ഡബിൾ ഡബിൾ എന്നാൽ എന്താണെന്ന് ചോദിച്ചപ്പോൾ അവൻ ഒരു ചെറു ചിരിയോടെ നല്കിയ ഉത്തരം രസകരമായിത്തോന്നി. രണ്ടു പാക്ക് മധുരവും രണ്ടുപാക്ക് പാലും എന്നാണതെ അതിന്റെ അർത്ഥം. മനുഷ്യനും അവന്റെ ഓരോരോ ഇഷ്ടങ്ങളും സൗകര്യങ്ങളും എത്ര ലാഘവത്തോടെയാണ് ഇവർ കൈകാര്യം ചെയ്യുന്നത് എന്നു ഞാനപ്പോൾ ഓർത്തു.

അങ്ങനെ വളരെ രുചികരമായ കോഫിയും രുചിച്ചുകൊണ്ടാ യാത്ര തുടർന്നു. ഏതാണ്ട് 50കി. മി. സഞ്ചരിച്ചപ്പോൾ ഹാമിൽട്ടൺ എന്നൊരു സിറ്റിയിൽ എത്തി. അവിടെ നിറയെ ചെറിയ ചെറിയ വാട്ടർ ഫാൾസ് കണ്ണിനു സായൂജ്യമേകി. അവിടുന്ന് ഒരു 50 കി. മി. ദൂരം ചെന്നാൽ നയാഗ്ര ആയി.

ആദ്യം രാജകീയചിത്രശലഭങ്ങൾ കുടിയേറിപ്പാർക്കുന്ന ഒരു പൂന്തോട്ടം കണ്ടു. ലോകമൊട്ടാകെ പറന്നുനടക്കുന്നതും ഇതുവരെ കാണാത്തതുമായ ഒരുപാടു ചിത്രശലഭങ്ങളെ അവിടെ കാണാം. അതാണ്‌ ബട്ടർഫ്‌ളൈ ഗാർഡൻ. അവിടെ മെക്സിക്കൻ സൂര്യകാന്തികൾ നിരന്നു നില്ക്കുന്നതാണ് എന്നെ ഏറ്റവും ആകർഷിച്ചത്. കൂടാതെ വളരെ മനോഹരമായി ഉന്നതകലാഹൃദയത്തോടെ നട്ടുപിടിപ്പിച്ചിരിക്കുന്ന കുറെ വർണ്ണശബളമായ പൂക്കളും ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ വർണ്ണവൈവിദ്ധ്യമാർന്ന ആ ചിത്രശലഭങ്ങളും തികച്ചും അത്ഭുതകരമായ കാഴ്ചകൾതന്നെ. അവിടെ കണ്ട വളരെ വലിപ്പമുള്ള സുന്ദരമായ കുതിരകളാൽ ബന്ധിച്ച വണ്ടികൾ ആയിരുന്നു എന്റെ ശ്രദ്ധയാകർഷിച്ച മറ്റൊരു പ്രത്യേകത. അതിന്റെ ഭംഗിയുള്ള മുഖവും ആകർഷകമായ കൈകാലുകളും മനോഹരം.

പോകുന്ന വഴിയോരങ്ങളിലെല്ലാം പല നിറങ്ങളിൽ പൂത്തുനില്ക്കുന്ന അല്‌പായുസ്സുകളായ പൂക്കൾ കണ്ണിനു സുഖം പകരുന്ന കാഴ്‌ചകൾ. കുട്ടികൾക്കായി ഒരു വർണ്ണസ്വർഗ്ഗംതന്നെ ഒരുക്കിയിട്ടുണ്ട് ക്ലിഫ്ടൻ ഹിൽസിലെ തെരുവു മുഴുവനും. അവിടെ ഗുരു ഇന്ത്യൻ ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഇതൊക്കെ കണ്ടറിഞ്ഞു മടങ്ങാം എന്ന ആനന്ദദായകമായ ഒരു അനുഭൂതിയിൽ മുഴുകിയിരുന്നു മനസ്സ്. അവിടെനിന്ന് വീണ്ടും യാത്ര തുടർന്നു.

നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ വളരേ ദൂരങ്ങളിൽ നിന്നുതന്നെ ദൃശ്യമാകാൻ തുടങ്ങി. അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിൽ കാണുന്ന നയാഗ്ര എന്ന നദിയിലേയ്ക്ക് ഏകദേശം 81000 അടി ക്യുബിക് ജലം 51 മീറ്റർ താഴേയ്ക്ക് കുത്തനെ കുതിച്ചൊഴുകി വീഴുന്ന ലോകത്തിലെ അത്യത്ഭുത കാഴ്ചയാണ് നയാഗ്ര വെള്ളച്ചാട്ടം എന്ന പേരിൽ അറിയപ്പെടുന്നത്. അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വെയിൽ ഫാൾസ്, കാനേഡിയൻ ഹോഴ്സ് ഷൂ ഫാൾസ് എന്നിങ്ങനെ 3 ഫാൾസ് ആണ് നാം ഒരേ സമയം കാണുന്നത്. അമേരിക്കയിൽനിന്ന് പതിക്കുന്നതിനാൽ എതിർവശത്തുള്ള കാനഡയിൽനിന്ന് നയാഗ്രയുടെ ഭംഗി പൂർണ്ണമായി ആസ്വദിക്കാൻ കഴിയും. വെള്ളച്ചാട്ടത്തിനു കുറച്ചകലെയായി

കാനഡയിലെ ഒന്റാറിയോ അതിർത്തിയും അമേരിക്കയിലെ ന്യൂയോർക്ക് അതിർത്തിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വലിയ പാലം കാണാം. അതിന്റെ പേര് റെയിൻബോ ബ്രിഡ്ജ് എന്നാണ്. അമേരിക്കയുടെ ഭാഗത്ത്‌ 282 അടി ഉയരത്തിൽ ഒരു വാച്ച് ടവർ കാണാം.. കാനഡയിൽ ഹിൽട്രാമും റോപ് വേയും ആണ്.

പ്രവേശനട്ടിക്കറ്റ് എടുത്ത് അകത്തു കടന്നാൽ ഒരു പിങ്ക് നിറമുള്ള പ്ലാസ്റ്റിക് കോട്ട് തരും എല്ലാവർക്കും... (അമേരിക്കൻ ടൂറിസ്റ്റുകൾക്ക് നീല നിറമാണ് ആ കോട്ടിന്). അതു ധരിച്ചുവേണം ഷിപ്പിലേയ്ക്കു

കയറാൻ. ഷിപ്പ് ഒറ്റ റോപ്പിലൂടെ താഴേയ്ക്കിറങ്ങുന്നതും മുകളിലേയ്ക്കു കയറുന്നതും ഒരു കൗതുകകരമായ അനുഭവമാണ്. ഫ്യൂണിക്കുലാർ എന്നാണ് അത് അറിയപ്പെടുന്നത്. റോപ് വേയിലൂടെ ഇറങ്ങി ഷിപ്പിൽ കയറി, ഇടത്തുനിന്ന് ആരംഭിച്ച ഷിപ് വലതു നോക്കി നീങ്ങി.

അമേരിക്കയിലെ ബഫല്ലോ പട്ടണക്കരയിലെ ഏറിതടാകത്തിൽനിന്നുത്ഭവി
ക്കുന്ന നയാഗ്ര നദിയിലെ ജലം കാനഡയിലെ ഒന്റാറിയോ തടാകത്തിലേയ്ക്ക് കുത്തനെ പതിക്കുന്നതാണ് നാം കാണുന്നത്. ഇങ്ങനെ പതിക്കുന്നതിന്റെ ശക്തിയിൽ വെള്ളം ചെറിയ കണികകളായി മേലോട്ടുയർന്ന് മഞ്ഞുപോലെ ദൃശ്യമാകുന്നു. തൂവെള്ളിമേഘങ്ങൾകൊണ്ട് ഞൊറിഞ്ഞുടുത്ത പാവാടാപോലെ വെയിലിൽ മിനുങ്ങുന്ന വെള്ളച്ചാട്ടത്തിൽനിന്ന് ജലകണങ്ങൾ മേലോട്ടുയർന്ന് ആ പ്രദേശമാകെ ചാറൽ മഴയുടെ പ്രതീതിയിൽ സദാ തണുപ്പിച്ചുകൊണ്ടിരിക്കുന്നു. ഷിപ് വെള്ളച്ചാട്ടത്തിന്റെ സമീപം എത്തിയപ്പോൾ മഴയിൽ കുളിച്ചപോലെ എല്ലാരും നനഞ്ഞു. ആളുകൾ ആഹ്ലാദഭരിതരായി ഒച്ചവച്ചുകൊണ്ടിരുന്നു. കുറച്ചുകൂടെ മുന്നോട്ടു നീങ്ങിയപ്പോൾ ഒന്നും കാണാൻ കഴിയാതെ വെറും പുകപോലെ അനുഭവപ്പെട്ടു. തിരിയുമ്പോൾ ശരിക്കും 'റ' ആകൃതിയിൽ മനോഹരമായ ദൃശ്യമാണ് കാണാൻ സാധിച്ചത്. തെളിഞ്ഞുനില്ക്കുന്ന വെയിൽ ജലപ്പരപ്പിനു മുകളിലായി സദാ മഴവിൽ അണിയിച്ചുകൊണ്ട് നദിയെ സുന്ദരിയാക്കിയ കാഴ്ച വർണ്ണനാതീതം. ചിലസമയങ്ങളിൽ പാലത്തിന്റെ മുകളിൽ ആ മഴവില്ല് ദൃശ്യമാകും എന്ന് മോൻ പറഞ്ഞു. അവിടുന്ന് കുറച്ചു ദൂരം നടന്നപ്പോൾ വിക്ടോറിയ ടവർ കണ്ടു. അതിന്റെ വ്യൂ പോയിന്റിലൂടെ വെള്ളച്ചാട്ടം വളരെ അടുത്ത് കാണാൻ സാധിച്ചു. അവിടെ നിന്നു ദർശിക്കുമ്പോൾ നയാഗ്ര നദിയിൽ നിന്ന് കരിനീല നിറത്തിൽ ഒഴുകിവരുന്ന ജലം പച്ചനിറമായി താഴോട്ടിറങ്ങുന്നത് അതിമനോഹരമായ ഒരു കാഴ്ചയാണ്. വിവിധ ആകൃതികളിൽ സെറ്റ് ചെയ്തിട്ടുള്ള പൂന്തോട്ടങ്ങൾ വിക്ടോറിയ ഗാർഡനെ രാജകുമാരിയെപ്പോലെ സുന്ദരിയാക്കുന്നു.

വിക്ടോറിയ വ്യൂ പോയിന്റിലേയ്ക്ക് പോകുന്ന വഴിയിൽ നിക്കോള ടെസ്ല എന്ന സെർബിയൻ അമേരിക്കൻ ഇൻവെന്ററിന്റെ പ്രതിമയുണ്ട്. സർ ഹെൻട്രി പെല്ലറ്റ് എന്ന മഹാൻ ആണ് ആദ്യമായി നയാഗ്രവെള്ളച്ചാട്ടത്തിൽ നിന്ന് ഉത്പാദിപ്പിച്ച ഹൈഡ്രോ വൈദ്യുതി ടൊറോന്റോ സിറ്റിയിലേയ്ക്ക് കൊണ്ടുവന്നത്.

സ്കൂളിൽ സാമൂഹ്യപാഠം പഠിപ്പിച്ച വാര്യർ മാഷ് പറഞ്ഞു കേട്ടതാണ് നയാഗ്ര വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും മാഹാത്മ്യവും ഒക്കെ. പിന്നെ ചിത്രങ്ങളിലൂടെ കണ്ടു. ഇപ്പോഴിതാ നേരിൽ കണ്ട് സായൂജ്യമടഞ്ഞു. ഈ സ്വർഗീയ ദൃശ്യം സന്ദർശിക്കാൻ അവസരം ഒരുക്കിയ പ്രിയപുത്രനും ഈ ഭാഗ്യം കൈവരിക്കാൻ വരം നല്കിയ സർവ്വേശ്വരനും നല്കുന്നു അകമഴിഞ്ഞ നന്ദിയും സ്നേഹവും..

തുടരും ..


 

Thursday, October 31, 2019

ഹാലോവീൻ

Image may contain: 1 person, standing, shoes and outdoor
കാനഡയിലെ ഹാലോവീൻദിന ആഘോഷം

നമ്മുടെ നാട്ടിൽ വിഷുവിന് കണികാണിക്കാൻ വരുന്ന പിള്ളേരെപ്പോലെ കൊച്ചുമോളുടെ കൂടെ വീടുതോറും നടന്ന് ട്രിക്ക് ഓർ ട്രീറ്റ്‌ ആഘോഷിച്ചു. നാട്ടിൽ പൈസ കൊടുക്കണം.... സമ്പന്നരാഷ്ട്രമായതിനാലായിരിക്കും ഇവിടെ sweets ആണ് തരുന്നത്. നന്നായി ആഘോഷിച്ചു ഹാലോവീൻ ദിനം.

പാശ്ചാത്യരാജ്യങ്ങളിലെ ക്രിസ്തുമതവിശ്വാസികളുടെ ഇടയിൽ ആഘോഷിച്ചുപോരുന്ന ഒരു വാർഷിക ഉത്സവമാണ് ഹാലോവീൻ. പരേതാത്മാക്കൾ ഉയിർത്തെഴുന്നേൽക്കുന്ന ദിവസം എന്നാണ് ഹാലോവീൻ എന്ന വാക്കിന്റെ അർത്ഥം. വിവിധ പേരുകളിൽ ഒട്ടേറെ ദിനങ്ങൾ ആചരിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്ന പാശ്ചാത്യജനതയ്ക്ക് ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും വലിയ സെക്കുലർ ആഘോഷമാണ് ‘ഹാലോവീൻ ദിനം.’

ക്രിസ്തുവിനുമുമ്പ് യൂറോപ്പിൽ ജീവിച്ച അപരിഷ്‌കൃതരും സത്യദൈവ വിരുദ്ധരുമായിരുന്ന വിജാതീയരുടെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ ദുരാചാരത്തിൽനിന്നാണ് ഈ ആഘോഷം ആരംഭിച്ചത്. എങ്കിലും സകല വിശുദ്ധരുടെയും തിരുനാളിന് (ഓൾ സെയിന്റ്‌സ് ഡേ) തലേദിവസം എന്നുള്ള ‘ആൾ ഹോളോസ് ഈവ്’ എന്ന ഇംഗ്ലീഷ് വാക്കിൽനിന്നാണ് ഹാലോവീൻ എന്ന പേര് ഉണ്ടാകുന്നത്.

ക്രിസ്തുവിനെ വിശ്വസിച്ചതിന്റെ പേരിൽ പീഡനമേൽക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വിശുദ്ധരുടെ ഓർമദിനങ്ങൾ ആദ്യനൂറ്റാണ്ടുമുതൽക്കേ ആചരിച്ചുപോന്നിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗ്രിഗറി മൂന്നാമൻ പാപ്പ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക സകല വിശുദ്ധർക്കുംവേണ്ടി സമർപ്പിക്കുകയുണ്ടായി. അതിനുശേഷമാണ് നവംബർ ഒന്ന് സകലവിശുദ്ധരുടേയും തിരുനാളായി ആചരിച്ചുതുടങ്ങിയത്.

പുതുവത്സരത്തിനു തലേദിവസം മരിച്ചവരുടെ ആത്മാക്കളെ തങ്ങളുടെ ഭവനങ്ങളിലേക്കു പോകാൻ മരണത്തിന്റെ ദേവനായ ‘സാഹയിൻ’ അനുവദിക്കുമെന്നൊരു വിശ്വാസം ഇവരുടെ ഇടയിൽ നിലനിന്നിരുന്നു. പാപത്തിൽ മരിച്ചവരുടെ മോചനത്തിനുവേണ്ടി മൃഗബലിയും നരബലിയും അർപ്പിച്ചിരുന്ന ഇവർ, പിശാചുക്കൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ വീടിനു പുറത്ത് ഭക്ഷണം കരുതിവെക്കുമായിരുന്നു.

പിശാചുക്കളുടേയും പ്രേതങ്ങളുടേയും ദുരാത്മാക്കളുടേയും ഭീകരരൂപത്തിലുള്ള വേഷങ്ങൾ ധരിച്ചാൽ തങ്ങളെ ഉപദ്രവിക്കാതെ അവർ കടന്നുപോകുമെന്നായിരുന്നു അവരുടെ വിശ്വാസം. അതിനുവേണ്ടിയാണ് പുതുവത്സരത്തിനു മുൻപുള്ള രാത്രിയിൽ ജനങ്ങളെല്ലാം ഇത്തരം വേഷങ്ങൾ ധരിച്ചിരുന്നത്.

ക്രിസ്തുവിന് വർഷങ്ങൾക്കുമുമ്പ് ഇംഗ്ലണ്ട് സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, വടക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ ജീവിച്ചിരുന്ന തികച്ചും അപരിഷ്‌കൃതരായ സെർട്ടിക്ക് ജനതയുടെ പുതുവത്സര ആഘോഷ അവസരമായിരുന്നു ഇത്.

ക്രിസ്തുമതത്തിലേക്ക് പരിവർത്തനംചെയ്ത സെർട്ടിക് ജനത തങ്ങളുടെ പഴയ ആചാരങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചതാണ് ഈ ആചാരത്തിന് കാരണമായത്. സകല വിശുദ്ധരുടേയും തിരുനാളിന് തലേദിവസമാണ് ഈ ആഘോഷങ്ങൾക്കായി അവർ തിരഞ്ഞെടുത്തത്.

ക്രിസ്ത്യാനികളോടൊപ്പം മറ്റു മതക്കാരും ഹാലോവീൻ ആഘോഷിക്കുന്നു. ഹാലോവിൻ ദിനത്തിനായി നാടും നഗരവും ഒരുപോലെ ഒരുക്കം തുടങ്ങുന്നു. ആഴ്ചകൾക്കുമുമ്പേതന്നെ
അതുമായി ബന്ധപ്പെട്ട വിൽപ്പനവസ്തുക്കൾക്കൊണ്ട് കമ്പോളങ്ങൾ നിറയും. എത്ര പ്രാധാന്യത്തോടെയാണ് ഹാലോവീൻ ഇവർ ആഘോഷിക്കുന്നത് എന്ന് ഇതിൽനിന്നു വ്യക്തമാക്കാം. പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിഞ്ഞ് നിരത്തുകളിൽ പ്രകടനം നടത്തിയും ഇവിടെ വിളയുന്ന ഒരുതരം മത്തങ്ങ ഉപയോഗിച്ചുള്ള തല, അസ്ഥികൂടങ്ങൾ, കാക്ക, ഭീമാകാരമായ എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങൾ എന്ന പേരിൽ ഉണ്ടാക്കിവച്ച് അലങ്കരിക്കുന്നു.

കുട്ടികളും മുതിർന്നവരും ഭയപ്പെടുത്തുന്ന പ്രേതങ്ങളെപ്പോലെ മേക്കപ്പ് ഇടുകയും വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നു. വീട്ടിൽ വളർത്തുന്ന മൃഗങ്ങളെയും ഇത്തരത്തിൽ അണിയിച്ചൊരുക്കിയാണ് പുറത്തിറക്കുന്നത്. ഇങ്ങനെ അണിഞ്ഞൊരുങ്ങി ഓരോ വീടുകളിലും പോയി വികൃതി അല്ലെങ്കിൽ സമ്മാനം എന്ന് അർത്ഥം വരുന്ന ട്രിക്ക് ഓർ ട്രീറ്റ്‌ ചോദിക്കുന്നു. ട്രിക്ക് ആണെങ്കിൽ വികൃതിയും ട്രീറ്റ്‌ ആണെങ്കിൽ സമ്മാനവും എന്നതാണ് രീതി.

വൈകുന്നേരമുള്ള ആഘോഷമായതിനാലോ എന്തോ സ്‌കൂളിനോ ഓഫീസുകൾക്കോ അവധിയുള്ളതായി കാണുന്നില്ല.

നൂറ്റാണ്ടുകൾക്കു മുൻപ് വിശുദ്ധസായാഹ്നം എന്ന പേരിൽ വിശുദ്ധരുടെ വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു വീടുകൾതോറും കയറി ട്രിക്ക് ഓർ ട്രീറ്റ്‌ ചോദിച്ചിരുന്നത് എന്ന് പറയപ്പെടുന്നു.

എന്തായാലും രസകരമായി തോന്നി. ഇന്ന് കൊച്ചുമോൾ അങ്ങനെ അണിഞ്ഞൊരുങ്ങിയാണ് സ്കൂളിൽ പോയിരുന്നത്. സ്കൂളിൽ ടീച്ചർമാരും കുട്ടികളും ഇതുപോലുള്ള വേഷങ്ങളിൽ ആയിരുന്നു. വരുന്ന വഴിയിൽ വീടുകളിലും ഇതിന്റെ ആഘോഷങ്ങൾ ഒരുക്കിയിരുന്നു. ഇന്ന് പതിവില്ലാതെ രാവിലെമുതൽ ഇവിടെ മഴയാണ്. അതുകൊണ്ട് തണുത്തുവിറച്ചിട്ട് പുറത്തുനിന്ന് കണ്ടുരസിക്കാൻ സാധിച്ചില്ല. ഞാൻ ആദ്യമായി കാണുന്നതുകൊണ്ടോ എന്തോ നല്ല കൗതുകം തോന്നി.

Image may contain: 1 person, standing and outdoor

Image may contain: 1 person, smiling, standing, tree and outdoor

Sunday, October 6, 2019

വിദ്യാരംഭം.. സുഖമുള്ള ഒരു കുഞ്ഞോർമ്മ.

Image may contain: outdoorImage may contain: 3 people, including Rajesh Veliath, people standing
രാവിലെ എഴുന്നേറ്റ് കുളിച്ചുവന്ന് പ്രാർത്ഥനകഴിഞ്ഞ് പതിവുപോലെ വാട്സ്ആപ്പ് ദർശനം നടത്തുമ്പോൾ ആദ്യം കണ്ണുടക്കിയത് എന്റെ ബാല്യകാലസഖി രമാദേവിയുടെ സന്ദേശത്തിൽ ആയിരുന്നു. നാട്ടിലെ അമ്പലത്തിലെ വിദ്യാരംഭത്തിന്റെ മുഴുവൻ വിവരങ്ങളും ഉള്ള ഒരു മെസ്സേജ്. അവൾക്കൊരു നന്ദി പറഞ്ഞു. കാരണം മലയാളം കലണ്ടർ ഇല്ലാത്തതുകൊണ്ട് ഒന്നും അറിയാൻ കഴിയാതിരിക്കുകയായിരുന്നു ഇവിടെ ഇതുവരെ.
വീട്ടിൽ ഒരു ഉണ്ണി ജനിച്ചിരിക്കുന്നതുകൊണ്ട് മോന്റെയും മരുമോളുടെയും കൂട്ടുകാരുടെ വരവും അവർക്കുള്ള സൽക്കാരങ്ങളും സംസാരങ്ങളുമായി നേരം വെളുത്താൽ രാത്രിയാകുന്നതേയറിയുന്നില്ല കുറച്ചു നാളുകളായിട്ട്. വിരുന്നുകാർ പോയപ്പോൾ ഭക്ഷണവും കഴിച്ച് മുറിയിലേയ്ക്കു കയറി.
അതീവ തണുപ്പ്...എന്തെന്നില്ലാത്ത ഒരു ഏകാന്തത എന്നെ വലിച്ചുമുറുക്കുന്നതായിത്തോന്നി. ജനാലയുടെ സ്ക്രീൻ മെല്ലെ മാടിയൊതുക്കി. വിദൂരങ്ങളിലേയ്ക്കു വെറുതേ നോക്കിനിന്നു. വാനം തെളിഞ്ഞുകാണാം അപ്പോഴും. ചെടികളിലും മരങ്ങളിലും പച്ചപ്പു മാറി വരുന്ന ഇലകൾ തണുത്തകാറ്റിൽ വിറച്ചാടുന്നുണ്ട്. ഉറങ്ങാൻ നേരത്തും സൂര്യൻ അസ്തമിച്ചിട്ടില്ലാത്ത ആകാശത്തിൽ മേഘനിരകൾ ധൃതിയായി എങ്ങോട്ടോ യാത്രപോകുന്നു. എന്റെ ചിന്തകൾ ജന്മനാടായ പറവൂരിന്റെ അഭിമാനം ശിരസ്സിലേറ്റി നിലകൊള്ളുന്ന ശ്രീ മൂകാംബികാക്ഷേത്രക്കൊടിമരമുകളിലും. പഴയ സംസ്കാരത്തിന്റെ സമ്പന്നതയ്ക്കു വലിയ വ്യത്യാസങ്ങൾ വന്നിട്ടില്ലാത്ത മൂകാംബികക്ഷേത്രവും താമരക്കുളവും സരസ്വതിയും എന്റെ ഓർമ്മളെ ഒരുപാടൊരുപാടു പുറകിലേയ്ക്കു നടത്തി. നാവിൽ ഒരു സരസ്വതി സ്തുതി ഞാൻപോലുമറിയാതെ കടന്നുവന്നു.

"സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി 
സിദ്ധിർഭവതുമേ സദാ"

പഠിക്കുന്നകാലങ്ങളിൽ പൂജാവയ്പ്പോണത്തിനു കിട്ടുന്ന അവധിക്കാലം വലിയ പ്രിയമായിരുന്നു. കാരണം പുസ്തകം പൂജയ്ക്കുവച്ചാൽ പഠിക്കാൻ ആരും പറയില്ലല്ലോ. വീട്ടിൽ ആരുടെ മുന്നിലും വെറുതേ നില്ക്കാം. അല്ലാത്ത ദിവസങ്ങളാണെങ്കിൽ ചുമ്മാ നില്ക്കുന്നതു കണ്ടാൽ പോയിരുന്നു പടിച്ചൂടേ, നിനക്കു പഠിക്കാനൊന്നുമില്ലേ, നിന്റെ പുസ്തകം എന്താ പൂജിക്കാൻ വച്ചേക്കുകയാണോ എന്നിങ്ങനെ മുതിർന്നവരുടെ വിവിധ തരത്തിലുള്ള സാഹിത്യഡയലോഗുകൾ കേൾക്കണമല്ലോ. അതില്ലാതെ സമാധാനമായി കളിക്കാവുന്ന ഒരു കിടിലൻ അവധിക്കാലമായതുകൊണ്ടുതന്നെ സരസ്വതി പണ്ടേ എന്റെ ഇഷ്ടദേവി ആയിരുന്നു. സന്ധ്യയ്ക്കു നാമംജപിക്കുമ്പോഴും അധികവും സരസ്വതീകീർത്തനങ്ങളായിരുന്നു ചൊല്ലിയിരുന്നതും.
നവരാത്രി ആരംഭിച്ചാൽ വീടും പരിസരങ്ങളും വൃത്തിയാക്കാൻ അമ്മയെ സഹായിക്കുന്ന ഓർമ്മകൾക്ക് ഇന്നും നല്ല പച്ചപ്പുതന്നെ. അമ്മമ്മയുടെ കൈയുംപിടിച്ച് അമ്പലത്തിൽ മൂകാംബികയിൽ പോകുന്നതും കൊക്കരണിയിൽ പൈസയിടുന്നതും ഒരു കൗതുകമുള്ള വിനോദമായിരുന്നു അക്കാലങ്ങളിൽ. അമ്പലപ്പറമ്പിലെ സ്കൂൾകൂട്ടുകാരും വളക്കച്ചവടക്കാരും എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു. കൂട്ടുകാരെക്കാണുമ്പോൾ കൈയും വിടുവിച്ചവരുടെ അരികിലെത്താൻ വാശിപിടിക്കുന്നതും പിടിവിട്ടാലടികിട്ടും, ഈ ആൾകൂട്ടത്തിൽ എവിടെയെന്നുവച്ചു നോക്കാനാ, നിന്റെ അമ്മയ്ക്കു ഞാനുത്തരം പറയേണ്ടിവരും എന്നും പറഞ്ഞുകൊണ്ടുള്ള അമ്മമ്മയുടെ ശകാരവും കണ്ണുരുട്ടലും ഇപ്പോഴും കണ്ണിൽ തെളിയുന്നു. അമ്പലക്കൊട്ടും ചെണ്ടമേളവും ശംഖനാദവും സോപാനഗീതവും നീണ്ട 30വർഷക്കാലങ്ങൾ ഞാൻ മിസ്സ്‌ ചെയ്ത ഗൃഹാതുരതയുടെ സുവർണ്ണസ്മരണകൾ ആണ്.
പൂജവച്ചാൽ മനസ്സ് ഫ്രീയാക്കി അയലത്തെ കൂട്ടുകാരും അനിയത്തിമാരും ചേർന്നു കളിച്ചർമ്മാദിച്ചു നടക്കും. വിശക്കുമ്പോൾ ആഹാരം കഴിക്കാൻ വിളിച്ചാൽപോലും അമ്മയോട് നീരസം തോന്നുമായിരുന്നു.
പൂജവയ്ക്കാനുള്ളപുസ്തകങ്ങൾ ബ്രൗൺനിറത്തിലെ അട്ടപ്പേപ്പറിൽ പൊതിഞ്ഞു കുടുംബപ്പേരെഴുതിത്ത രുന്നത് മൂത്ത ആങ്ങളായാണ്.. അത് അമ്പലത്തിൽക്കൊണ്ടുപോയി തിരുമേനിയെയേൽപ്പിക്കാൻ എല്ലാവരുംകൂടെ ഒരു കൂട്ടായയാത്രപോകുമ്പോൾ മനസ്സിൽ പണ്ടേ അമ്മ പാകിയ സ്നേഹത്തിന്റെ വിത്തുകൾ മുളച്ചുപൊങ്ങി തളിർത്തുവരുന്ന സുഖമാണ് അനുഭവപ്പെടാറുള്ളത്.

പൂജയെടുക്കുന്നദിവസം അമ്പലത്തിൽ പോകുന്നതും എന്താണ് പ്രാർത്ഥിക്കേണ്ടത് എന്നറിയാതെ നടയ്ക്കൽ കണ്ണടച്ചു കൈകൂപ്പിനില്ക്കുന്നതും വിദ്യാരംഭത്തിന്റെ വെടിപൊട്ടുന്നതു കാത്തുനില്ക്കുന്നതും വെടികേട്ടാൽ ഉടനെ എല്ലാവരും ഒരുമിച്ച് പ്രദക്ഷിണവഴിയൊഴിഞ്ഞിരുന്നു പൂഴിയിൽ ഹരിശ്രീകുറിക്കുന്നതും അതുകഴിഞ്ഞ് വീട്ടിലെത്തിയാൽ പൂജയ്ക്കുവച്ചിരുന്ന പുസ്തകം വായിക്കാനിരിക്കുന്നതും നെറ്റിയിൽ കുങ്കുമവും ചന്ദനക്കുറിയും തൊട്ട അമ്മ സ്നേഹത്തോടെ എല്ലാവർക്കും പ്രാതൽ വിളമ്പുന്നതും ഒക്കെ ഓർമ്മയിൽ ഓടിക്കളിക്കുന്നു. പഠിക്കാൻ എത്രതന്നെ മടിയുണ്ടെങ്കിലും പൂജയ്ക്കുവച്ച പുസ്തകം തുറന്നാൽ, പട്ടിണി കിടന്നവന്റെ മുന്നിലെ ഭക്ഷണപ്പൊതിയോടെന്നപോലെ അക്ഷരങ്ങളോട് ഒരുതരം ആർത്തി അനുഭവപ്പെട്ടിരുന്നു അന്ന്.
ആരോ വാട്സാപ്പിൽ അയച്ചുകൊടുത്ത
"സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം .... പ്രേമവതിയാം എൻപ്രിയകാമുകി താമസിക്കും ഗ്രാമം.. "
എന്ന നൊസ്റ്റാൾജിക് ഗാനവുമായി
ഏട്ടൻ മുറിയിലേയ്ക്കു കയറിവന്നപ്പോഴാണ് മൂകാംബികക്ഷേത്രവും അമ്മവീടും വിട്ട് സ്ഥലകാലബോധം എന്റെ സ്മൃതിപഥം പൂകിയത്. എവിടെപ്പോയാലും മാതൃരാജ്യവും മാതൃഭാഷയും മാതാവിനെപ്പോലെ ചുറ്റിപ്പറ്റി സുഖമുള്ള ഒരു ചൂടു നല്‌കി നമ്മെ പുല്കിനടക്കും സദാ... അല്ലേ?

'വിദ്യാധനം സർവ്വധനാൽ പ്രധാനം'
എന്ന് വൈകിയറിഞ്ഞ വിഡ്ഢിയാണ് ഞാൻ.
അക്ഷരം
അച്ഛനെഴുത്തിനിരുത്തിയതും
ആഗ്രഹമായൊരു വാക്കെഴുതാൻ,
ഇത്തിരിയുള്ള വിരൽ വളയാൻ
ഈണമൊടന്നു കരഞ്ഞതിലും
ഉണ്ടൊരു നല്ല സുഖം നിനവിൽ.
എന്തിനുമേതിനുമക്ഷരമാം
ഏണിയതിൻ തുണ കൂടെവരും.
ഐക്യമതായി നിരക്കുകിലോ
ഒത്തൊരു നൽക്കവിതാപദമായ്
ഓടിയണച്ചുവരുന്നരികിൽ.
അമ്പുകളാകരുതക്ഷരമേ
അൻപു നിറഞ്ഞൊരു സ്നേഹിതയായ്
അമ്പിളിപോലൊരുവെട്ടവുമായ്
അക്ഷികളോടുരചെയ്തുവരാം.

Sunday, July 16, 2017

എന്‍റെ അമ്മയും രാമായണ മാസവും


Image may contain: 4 people, people standing

എന്‍റെ അമ്മ കര്‍ക്കടകസംക്രാന്തിയും ആണ്ടുപിറപ്പുസംക്രാന്തിയും കേമമായി ആഘോഷിക്കുമായിരുന്നു. വീടുംപരിസരവും വൃത്തിയാക്കും . അടുത്തുള്ളക്ഷേത്രങ്ങളില്‍ പോയി തൊഴുതുവരും. പിറ്റേദിവസം രാമായണ മാസാരംഭമല്ലേ. ഒന്നാംതീയതിമുതല്‍ ആരംഭിക്കും രാമായണവായന. വെളുപ്പിനേ എഴുന്നേറ്റ് കുളിച്ച് മുക്കൂറ്റിക്കുറിയും തൊട്ട് നിലവിളക്കു കൊളുത്തിവെച്ച് നിറഞ്ഞഭക്തിയോടെ അക്ഷരപ്പിശകുവരുത്താതെയുള്ള അമ്മയുടെ ആ രാമായണവായന കാണാനും കേള്‍ക്കാനും ഒരു പ്രത്യേക സുഖംതന്നെയായിരുന്നു. ഞങ്ങള്‍ പെണ്‍മക്കളെയും അന്നും തുടര്‍ന്നുള്ള 6 നാളുകളിലും മുക്കൂറ്റിച്ചാന്തുകൊണ്ട് പൊട്ടുതൊടുവിക്കും. രാമായണം കാലംകൂടുന്ന ദിവസം അതാത് രാമായണം വായിച്ചുതീരുന്ന ദിവസം (കര്‍ക്കടകം 31) വീട്ടില്‍ സദ്യയുണ്ടാക്കും. അന്ന് ആണ്ടുപിറപ്പു സംക്രാന്തിയല്ലേ. ഓട്, ചെമ്പ്, പിച്ചള തുടങ്ങിയ പാത്രങ്ങളൊക്കെ മച്ചുമ്പുറത്തുനിന്ന് ഇറക്കി തേച്ചുമിനുക്കിക്കേറ്റും. പിന്നെ അരിയും പലവ്യഞ്ജനങ്ങളും വെക്കുന്ന എല്ലാപാത്രങ്ങളും കഴുകിവൃത്തിയാക്കി വയ്ക്കും. ബാക്കിയുള്ള സാധനങ്ങളെല്ലാം വണ്ണാത്തിക്കും വേലത്തിക്കും കൊടുത്തശേഷം വീടിന്‍റെ നാലുപുറത്തുനിന്നും മണ്ണെടുത്ത് ഉപ്പും മുളകും കടുകും കൂട്ടി എല്ലാരേയും ചുറ്റി ഉഴിഞ്ഞിടും. പഞ്ഞമൊഴിക്കല്‍ എന്നാണ് ഇതിനെ പറയുന്നത്. കര്‍ക്കിടകമാസം പഞ്ഞമാസമാണെന്നാണല്ലോ വയ്പ്പ്.
അടുത്ത ദിവസം ഒന്നാം തീയതിയല്ലേ. കടയില്‍പ്പോയി പലവ്യഞ്ജനങ്ങളും അരിയും ഒക്കെ വാങ്ങി എല്ലാപാത്രങ്ങലിലും നിറയ്ക്കും. പിന്നെ വര്‍ഷന്തോറും സര്‍പ്പക്കാവിന് നാഗപ്പാട്ടുപാടുന്ന പുള്ളുവത്തിക്കും ഞങ്ങള്‍ക്കു നാവൂറുപാടുന്ന കൊറത്തിക്കും ഓണക്കോടിയും ഓണസ്സാമാനങ്ങളും വാങ്ങാനുള്ള പൈസകൊടുക്കും. അത് അവകാശമായി വാങ്ങന്‍ അവരെത്തിക്കൊള്ളും. അടുത്ത ഒരുവര്‍ഷത്തേക്കുള്ള ഐശ്വര്യത്തിനുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. അക്കാലങ്ങളില്‍, വീടിനെ ഐശ്വര്യമായി കാക്കുന്ന ഒരു ഐശ്വര്യദേവതയായിരുന്നു എന്‍റെ അമ്മ.
നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന കുഞ്ഞമ്മയായിരുന്നു അമ്മ. ആചാരങ്ങളും അനുഷ്ടാനങ്ങളും അതേപടി ആചരിക്കണം. അതില്‍ ഒരു വിട്ടുവീഴ്ചയും വരുത്താന്‍ അമ്മ തയാറല്ലായിരുന്നു. മരണംവരെ പ്രൗഢിവിടാതെ ജീവിക്കുകയുംചെയ്തു. കഴിഞ്ഞവര്‍ഷം അമ്മയുടെ ഒപ്പമിരുന്നാണ് മരുന്നുകഞ്ഞികുടിച്ചത്. ഈ വര്‍ഷം അമ്മയില്ലാത്ത കര്‍ക്കടകം... ഒന്നിനും ഒരു ഉഷാറില്ലാ. നെടിയൂട്ടം തറവാട്ടിലെ പെണ്ണുങ്ങള്‍ കുളം കുത്തിച്ചു കുളിച്ചവരാണെന്നൊരു പെരുമയുടെകഥ പറയാറുണ്ടായിരുന്നു എന്‍റെ അമ്മമ്മ. ആ ആജ്ഞാശക്തിയും സാമര്‍ത്ഥ്യവും കര്‍ശനബുദ്ധിയും ഒക്കെ അമ്മയില്‍ നിഴലിച്ചു കണ്ടിരുന്നു അവസാനംവരെ.
ഏകദേശം 34 വര്‍ഷങ്ങളോളം അന്യനാടുകളില്‍ ജീവിക്കേണ്ടതായി വന്ന എനിക്കും ഈ കേരള സംസ്കാരം വലിയയിഷ്ടമാണ്. പഞ്ഞമാസമായ കർക്കിടകത്തിൽ അതൊന്ന് കടന്നു കിട്ടാൻ വേണ്ടിയും ദുരിതങ്ങളൊഴിയാൻ വേണ്ടിയും ഭഗവാൻ ശ്രീരാമചന്ദ്രന്‍റെ അനുഗ്രഹം കിട്ടാനായിട്ടാണ് രാമായണം പാ‍രായണം ചെയ്തിരുന്നത് എന്ന് വിശ്വസിക്കുന്നു. ഒപ്പം ധര്‍മ്മാധര്‍മ്മവിജ്ഞാനങ്ങളും പുണ്യങ്ങളും നമ്മെ പിന്തുടരുമെന്ന ഉറച്ച വിശ്വാസങ്ങള്‍ മനസ്സില്‍ തുടര്‍ന്നുള്ള മാസങ്ങളിലേക്ക് നല്ല ഊര്‍ജ്ജവും പകരുന്നു.
എല്ലാ കൂട്ടുകാര്‍ക്കും ശ്രീരാമദേവന്‍റെ അനുഗ്രഹങ്ങളും സര്‍വ്വൈശ്വര്യങ്ങളും ഉണ്ടാവട്ടെ ! ശുഭദിനാശംസകളോടെ....
(Modified Repost)
സസ്നേഹം,
ദേവി.കെ.പിള്ള

Sunday, October 2, 2016

ഇന്ന് ഗാന്ധിജയന്തി.. ഞങ്ങളുടെ ആറാം വാര്‍ഡില്‍ ഗന്ധിജയന്തിയും വയോജനദിനവും കൂടി വളരെ ഗംഭീരമായി ആഘോഷിച്ചു..ശ്രീ..ശ്രീധരന്‍ (റിട്ട.ഹോണ. ക്യാപ്ടന്‍) അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക്‌ മെമ്പര്‍ ശ്രീ.സുധീര്‍, വാര്‍ഡു മെമ്പര്‍ ശ്രീമതി രശ്മി മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൃദ്ധരായ അമ്മമാരെയും അച്ഛന്മാരെയും പൊന്നാടചാര്‍ത്തി ആദരിച്ചു. കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കി.... ആ ചടങ്ങില്‍ എന്‍റെ എളിയ എഴുത്തിനേയും എന്നെയും ആദരിക്കുകയുണ്ടായി. ഈ സന്തോഷം എന്‍റെ പ്രിയ സുഹൃത്തുക്കളുമായി ഞാന്‍ പങ്കുവയ്ക്കുന്നു...

Image may contain: 4 people, indoorImage may contain: 4 people, people smiling, people standing and indoorImage may contain: 5 people, people smiling, people standing and indoorImage may contain: 6 people

Monday, January 11, 2016

മനസ്സ് സംഗമം കൊച്ചിക്കായലിൽ ...

പുലരിക്കൊരു പുത്തൻ ഉണർവ്വ്. മറൈൻ ഡ്രൈവിലേക്ക് പായാൻ വെമ്പുന്നു മനസ്സ്. മനസ്സ് മലയാളം സോഷ്യൽ നെറ്റ് വർക്കിന്റെ സൗഹൃദ സംഗമത്തിനു വേദിയൊരുക്കി കൊച്ചിക്കായലിൽ ‘ഗ്രേറ്റർ കൊച്ചിൻ' ഒരുങ്ങിക്കഴിഞ്ഞു. കാത്തിരുന്ന ശുഭ മുഹൂര്ത്തം...10.30 മണിയോടെ എല്ലാരും എത്തിച്ചേർന്നു. പ്രാതൽ കഴിഞ്ഞു എല്ലാരും പരസ്പരം യാത്രാ വിവരങ്ങൾ അന്വേഷിച്ചും മുന്നേ കണ്ടിട്ടുള്ളവർ ഓർമ്മകൾ പുതുക്കിയും ഇതുവരെ കാണാത്തവർ കണ്ടും പരിചയപ്പെട്ടും സൌഹൃദം പങ്കുവക്കാൻ തുടങ്ങി. ആ താളത്തിൽ മയങ്ങി ഇരു വശങ്ങളിലൂടെയും സൌഹൃദ സൌരഭ്യം മെല്ലെ വീശി വീശി മനസ്സിന്റെ മണിമുത്തുകളേയും കൊണ്ട് കൊച്ചിക്കായലിലെ കൊച്ചുറാണി മന്ദം മന്ദം തീരം വിട്ടകലാൻ തുടങ്ങി. ബോട്ടിന്റെ ചാഞ്ചക്കത്തിൽ വകഞ്ഞു മാറുന്ന ഓളങ്ങളിൽ സൌഹൃദത്തിന്റെ തിളക്കം. കായലരുകിൽ നിരന്നു നിന്നിരുന്ന വാക മരങ്ങൾ ഇലകളെ ആട്ടി ശുഭ യാത്ര നേർന്നു

ശ്രീമാൻ നാരായണൻ സാറിന്റെ അദ്ധ്യക്ഷതയിൽ മനസ്സിന്റെ ഭാവ ഗായകൻ മനോജ്‌ നായർ ശങ്കർ മഹാദേവന്റെ പ്രസിദ്ധമായ ഗണേശസ്തുതി ചൊല്ലി സംഗമത്തിന് തുടക്കം കുറിച്ചു. അടുത്തതായി ബ്ലോഗ്‌ ലോകവും നമ്മളെപ്പോലുള്ള കുറെ കൂട്ടുകാരും അടങ്ങുന്ന ഒരു ചെറിയ ലോകത്തേക്ക് ഒതുങ്ങി കുറെയേറെ നന്മകൾ നമുക്കൊക്കെ വേണ്ടി ദാനം ചെയ്തു ജന്മ സാഫല്യം നേടിയ മനസ്സിന്റെ പൊൻ ദീപം ആയിരുന്ന പുണ്യ വാളൻ എന്നറിയപ്പെട്ടിരുന്ന മധുവിനെ സ്മരിച്ചുകൊണ്ടുള്ള മൌന പ്രാർത്ഥന.

പ്രസിദ്ധ ചിത്രകാരനും മനസ്സിന്റെ അഭിമാനവുമായ ഡാവിഞ്ചി സുരേഷ്ജി യെ മൊമെന്റോ നല്കി ആദരിക്കുകയായിരുന്നു ആദ്യ പരിപാടി.. സുരേഷ്ജി യെ ആദരിച്ചതിൽ ഒരുപാടു സന്തോഷമുണ്ട്...സുരേഷ് ജി തികച്ചും അതിനു അർഹനാണ് എന്നത് തന്നെയാണ് ആ സന്തോഷത്തിന്റെ കാരണം. സുരേഷ്ജി ക്ക് അഭിനന്ദനങ്ങൾ. ശാരീരിക അസ്വാസ്ഥ്യം വകവയ്ക്കാതെ ഈ സംഗമത്തിൽ പങ്കെടുക്കാൻ കാണിച്ച മഹാമനസ്കതക്ക് മുന്നിൽ ഒരു പ്രണാമം. 

മനസ്സിന്റെ സാരഥിയായ കെ കെ യുടെ ഉത്തരവാദിത്വം നിറഞ്ഞ പെരുമാറ്റങ്ങളിൽ ഞാൻ അഭിമാനം കൊണ്ടു ... ആങ്കർ മീനുവും നന്നായി തിളങ്ങി ഈ മീറ്റിൽ. പിന്നെ സ്വയം പരിചയപ്പെടുത്തൽ ...മനസ്സ് നിറയെ സ്നേഹവുമായി അന്യോന്യം സൌഹൃദം പങ്കുവക്കുമ്പോൾ ഓരോ മുഖത്തിലും വിടരുന്ന സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. ഇതു വരെ നേരിൽ കാണാത്ത കുറച്ചു സുഹൃത്തുക്കളെ കാണാനുള്ള ഭാഗ്യം ലഭി ച്ചതിൽ അതിയായ സന്തോഷമുണ്ട് . കായലോരത്തെ മനോഹരമായ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് വരാപ്പുഴ വരെ കവിതാ പാരായണവും ഗാനാലാപനങ്ങളും ഒക്കെയായി അടിച്ചു പൊളിച്ചുള്ള യാത്രയ്ക്ക് കൊഴുപ്പ് കൂട്ടിയത് കുഞ്ഞിക്കുരുന്നുകളുടെ കുസൃതികൾ തന്നെ. ആ നിഷ്കളങ്ക മുഖങ്ങൾ എന്ജോയ്‌ ചെയ്തതു കാണാൻ അത്രയ്ക്കു കൌതുകമായിരുന്നു

സുഭിക്ഷമായ ലഞ്ച് പരിപടികൾക്ക് ഊർജ്ജം പകർന്നു. സലാം പനച്ചുമൂടിന്റെയും, വിജു നമ്പ്യാരുടേയും, മനോജ് നായരുടേയും കവിതാലാപനം, പ്രേം കുമാറിന്റെയും, കെ.കെയുടേയും, പിള്ളേച്ചന്റേയും പാട്ടുകൾ...സജദിൽ മുജീബിന്റെ കഥ, ബിന്ദു ടീച്ചറിന്റെ അനുഭവകഥ, മനോജ് നായരുടെ മ്യൂസിക്കൽ ക്വിസ്സ്, വിജു നമ്പ്യാർ നയിച്ച ജനറൽ ക്വിസ്സ്.. എല്ലാം ഒന്നിനൊന്നു മെച്ചം. മത്സരങ്ങളും സമ്മാനദാനവും അസ്സലായിരുന്നു. അതിലൊരു സമ്മാനം എനിക്കും കിട്ടി..സന്തോഷം.. അന്താക്ഷരിയും പാട്ടും മിമിക്സും കഥയും കവിതയും എല്ലാം ഒന്നിനൊന്നു മെച്ചവും വളരെ എന്ജോയബിളും ആയിരുന്നു. ബിന്ദുവിന്റെ ചിന്തിപ്പിക്കുന്ന അനുഭവ കഥ ഏറെ രസകരവും പ്രയോജനകരവും ആയിരുന്നു. എന്റെ ഏട്ടനും നന്നായി എന്ജോയ്‌ ചെയ്തു. ഒരു അടിപൊളി വള്ളം കളി പട്ടു പാടി മീറ്റ്‌നെ എല്ലാരും കൂടി നന്നായി കൊഴുപ്പിച്ചു എന്ന് തന്നെ പറയാം . വിജയാഘോഷ ങ്ങ ളോടെ സംഗമം സമാപിച്ച് ബോട്ട് കരയോടടുക്കുമ്പോൾ. ഒന്നിച്ചൊരു ഫോട്ടോയ്ക്ക് പോസു ചെയ്യാനുള്ള തിടുക്കത്തിലായിരുന്നു എല്ലാരും. എന്നാൽ ഫോട്ടോക്ക് പോസു കൊടുക്കും വരെ എല്ലാരുടെയും മനസ്സിന് നല്ല ഉല്ലാസമായിരുന്നു. പക്ഷെ പിരിയാൻ നേരം എല്ലാരുടേം മുഖത്ത് ഒരു മ്ലാനത നിഴലിചിരുന്നില്ലേ…. അതങ്ങിനെയാണ്.....മനസ്സില് സ്നേഹം സൂക്ഷിക്കുന്നവർക്ക് പിരിവു സഹിക്കാൻ ബുദ്ധിമുട്ടാവും. താൽക്കാലീകമെന്നാൽ പോലും . വളരെ ഉല്ലാസകരമായ ഒരു ടെൻഷൻ ഫ്രീ യാത്ര..മനസ്സീന്ന് .ഒരിക്കലും മായാത്ത മധുരാനുഭവം.

2016 ജനുവരി 10


ഞാനും എന്റെ രണ്ടായിരത്തിപ്പത്തൊൻപമ്പതും  എന്റെ രണ്ടായിരത്തിപ്പത്തൊൻപതേ,  2018 ചെയ്ത നന്മകളിലൂടെ അനുഭവിച്ച സന്തോഷങ്ങൾക്കെല്ലാം ഹൃദ്യ...