Thursday, November 21, 2019

കാനഡ സന്ദർശനം - ഭാഗം 1


       

      നയാഗ്രവെള്ളച്ചാട്ടം 
(ഒരു സ്വപ്നസാക്ഷാത്ക്കാരം) 

നയാഗ്ര എന്നു  കേൾക്കുമ്പോൾത്തന്നെ  പഠിക്കുന്ന കാലത്തു സാമൂഹ്യപാഠം പഠിപ്പിച്ച എന്റെ വാര്യരുമാഷാണ് ഓർമ്മയിലേക്കെത്തുന്നത്. അതിന്റെ മനോഹാരിതകൾ മനസ്സിൽ പതിപ്പിച്ചത് മാഷായിരുന്നു എന്നതുതന്നെയാണതിനു കാരണവും. വലുതായാൽ ഈ വെള്ളച്ചാട്ടം എന്റെ നഗ്നനേത്രങ്ങളിൽ ഒപ്പിയെടുക്കാൻ   അന്നുമുതൽ മനസ്സിന്റെ ഓരത്ത് ഒരു കുഞ്ഞാഗ്രഹം അലതല്ലിയിരുന്നു.  ഇന്നാണ് അതിനുള്ള അവസരം ലഭിച്ചത്. പ്രിയ മിത്രങ്ങളേ, ആ വിസ്മയക്കാഴ്ചകൾ കാണാൻ നിങ്ങളെ ഓരോരുത്തരെയും ഞാൻ എന്റെ കൂടെ കൂട്ടുകയാണ്. അപ്പോൾ നമുക്ക് യാത്രയാരംഭിക്കാം അല്ലേ ...

ജൂലൈ 15ന് രാവിലെ 10 മണിയോടെ നഹാനിവേയിലുള്ള മോന്റെ വീട്ടിൽ നിന്നു നയാഗ്ര വെള്ളച്ചാട്ടം ലക്ഷ്യമിട്ടുള്ള യാത്ര ആരംഭിച്ചു. മിസ്സിസ്സാഗ നഗരത്തിലെത്തിയപ്പോൾ ടിം ഹോർട്ടൻസ് കോഫി കാനഡയിൽ പ്രസിദ്ധമാണ് എന്നു പറഞ്ഞ് മോൻ അവിടുത്തെ കോഫിയുടെ പ്രത്യേക രുചി ഞങ്ങളെ അനുഭവിപ്പിച്ചു. കാറിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾതന്നെ 4കോഫീസ് ഡബിൾ ഡബിൾ വിത്ത് ക്രീം  എന്ന് ഓർഡർ ചെയ്ത് കാറിൽത്തന്നെയിരുന്നു കടയുടെ ഒരു ജനലിലൂടെ ഈ കോഫി വാങ്ങുന്ന രീതി എന്നെ നന്നേ രസിപ്പിച്ചു. ഈ ഡബിൾ ഡബിൾ എന്നാൽ എന്താണെന്ന് ചോദിച്ചപ്പോൾ അവൻ ഒരു ചെറു ചിരിയോടെ നല്കിയ ഉത്തരം രസകരമായിത്തോന്നി. രണ്ടു പാക്ക് മധുരവും രണ്ടുപാക്ക് പാലും എന്നാണത്രേ അതിന്റെ അർത്ഥം. മനുഷ്യനും അവന്റെ ഓരോരോ ഇഷ്ടങ്ങളും സൗകര്യങ്ങളും എത്ര ലാഘവത്തോടെയാണ് ഇവർ കൈകാര്യം ചെയ്യുന്നത് എന്നു ഞാനപ്പോൾ ഓർത്തു.

അങ്ങനെ വളരെ രുചികരമായ കോഫിയും രുചിച്ചുകൊണ്ടാ യാത്ര തുടർന്നു. ഏതാണ്ട് 50കി. മി. സഞ്ചരിച്ചപ്പോൾ ഹാമിൽട്ടൺ എന്നൊരു സിറ്റിയിൽ എത്തി. അവിടെ നിറയെ ചെറിയ ചെറിയ വാട്ടർ ഫാൾസ് കണ്ണിനു സായൂജ്യമേകി. അവിടുന്ന് ഒരു 50 കി. മി. ദൂരംകൂടി  ചെന്നാൽ നയാഗ്ര ആയി.

ആദ്യം രാജകീയചിത്രശലഭങ്ങൾ കുടിയേറിപ്പാർക്കുന്ന ഒരു പൂന്തോട്ടം കണ്ടു. ലോകമൊട്ടാകെ പറന്നുനടക്കുന്നതും ഇതുവരെ കാണാത്തതുമായ ഒരുപാടു ചിത്രശലഭങ്ങളെ അവിടെ കാണാം. അതാണ്‌ ബട്ടർഫ്‌ളൈ ഗാർഡൻ. അവിടെ മെക്സിക്കൻ സൂര്യകാന്തികൾ നിരന്നു നില്ക്കുന്നതാണ് എന്നെ ഏറ്റവും ആകർഷിച്ചത്. കൂടാതെ വളരെ മനോഹരമായി ഉന്നതകലാഹൃദയത്തോടെ നട്ടുപിടിപ്പിച്ചിരിക്കുന്ന കുറെ വർണ്ണശബളമായ പൂക്കളും ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ വർണ്ണവൈവിദ്ധ്യമാർന്ന ആ ചിത്രശലഭങ്ങളും തികച്ചും അത്ഭുതകരമായ കാഴ്ചകൾതന്നെ. അവിടെ കണ്ട വളരെ വലിപ്പമുള്ള സുന്ദരമായ കുതിരകളാൽ ബന്ധിച്ച വണ്ടികൾ ആയിരുന്നു എന്റെ ശ്രദ്ധയാകർഷിച്ച മറ്റൊരു പ്രത്യേകത. അതിന്റെ ഭംഗിയുള്ള മുഖവും ആകർഷകമായ കൈകാലുകളും മനോഹരം.

പോകുന്ന വഴിയോരങ്ങളിലെല്ലാം പല നിറങ്ങളിൽ പൂത്തുനില്ക്കുന്ന അല്‌പായുസ്സുകളായ പൂക്കൾ കണ്ണിനു സുഖം പകരുന്ന കാഴ്‌ചകൾ. കുട്ടികൾക്കായി ഒരു വർണ്ണസ്വർഗ്ഗംതന്നെ ഒരുക്കിയിട്ടുണ്ട് ക്ലിഫ്ടൻ ഹിൽസിലെ തെരുവു മുഴുവനും. അവിടെ ഗുരു ഇന്ത്യൻ ഹോട്ടലിൽ ഉച്ചഭക്ഷണത്തിനു കയറി. വെജിറ്റേറിയൻ സ്പ്രിങ് റോൾസ് ടുമാറ്റോ ധന്യ സൂപ്പും ഓർഡർ ചെയ്ത് കഴിച്ചോണ്ടിരിക്കുമ്പോൾ  ഇതൊക്കെ കണ്ടറിഞ്ഞു മടങ്ങാം എന്ന ആനന്ദദായകമായ ഒരു അനുഭൂതിയിൽ മുഴുകിയിരുന്നു മനസ്സ്.  വെജിറ്റേറിയൻ പ്ളേറ്റർ ആണ് ഞാൻ ഓർഡർ ചെയ്തത്. അച്ഛനും മോനും കൊച്ചുമോളും ചിക്കൻ ബിരിയാണിയും. അതൊക്കെ അകത്താക്കി ഊർജ്ജം സംഭരിച്ച്  അവിടെനിന്ന് വീണ്ടും യാത്ര തുടർന്നു.

നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ വളരേ ദൂരങ്ങളിൽ നിന്നുതന്നെ ദൃശ്യമാകാൻ തുടങ്ങി. അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിൽ കാണുന്ന നയാഗ്ര എന്ന നദിയിലേയ്ക്ക് ഏകദേശം 81000 അടി ക്യുബിക് ജലം 51 മീറ്റർ താഴേയ്ക്ക് കുത്തനെ കുതിച്ചൊഴുകി വീഴുന്ന ലോകത്തിലെ അത്യത്ഭുത കാഴ്ചയാണ് നയാഗ്ര വെള്ളച്ചാട്ടം എന്ന പേരിൽ അറിയപ്പെടുന്നത്. അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വെയിൽ ഫാൾസ്, കാനേഡിയൻ ഹോഴ്സ് ഷൂ ഫാൾസ് എന്നിങ്ങനെ 3 ഫാൾസ് ആണ് നാം ഒരേ സമയം കാണുന്നത്. അമേരിക്കയിൽനിന്ന് പതിക്കുന്നതിനാൽ എതിർവശത്തുള്ള കാനഡയിൽനിന്ന് നയാഗ്രയുടെ ഭംഗി പൂർണ്ണമായി ആസ്വദിക്കാൻ കഴിയും. വെള്ളച്ചാട്ടത്തിനു കുറച്ചകലെയായി കാനഡയിലെ ഒന്റാറിയോ അതിർത്തിയും അമേരിക്കയിലെ ന്യൂയോർക്ക് അതിർത്തിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വലിയ പാലം കാണാം. അതിന്റെ പേര് റെയിൻബോ ബ്രിഡ്ജ് എന്നാണ്. അമേരിക്കയുടെ ഭാഗത്ത്‌ 282 അടി ഉയരത്തിൽ ഒരു വാച്ച് ടവർ കാണാം.. കാനഡയിൽ ഹിൽട്രാമും റോപ് വേയും ആണ്.

പ്രവേശനട്ടിക്കറ്റ് എടുത്ത് അകത്തു കടന്നപ്പോൾ ഒരു പിങ്ക് നിറമുള്ള പ്ലാസ്റ്റിക് കോട്ട് തന്നു എല്ലാവർക്കും... (അമേരിക്കൻ ടൂറിസ്റ്റുകൾക്ക് നീല നിറമാണ് ആ കോട്ടിന്). അതു ധരിച്ചുവേണം ഷിപ്പിലേയ്ക്കു കയറാൻ. ഷിപ്പ് ഒറ്റ റോപ്പിലൂടെ താഴേയ്ക്കിറങ്ങുന്നതും മുകളിലേയ്ക്കു കയറുന്നതും ഒരു കൗതുകകരമായ അനുഭവമാണ്. ഫ്യൂണിക്കുലാർ എന്നാണ് അത് അറിയപ്പെടുന്നത്. റോപ് വേയിലൂടെ ഇറങ്ങി ഷിപ്പിൽ കയറി, ഇടത്തുനിന്ന് ആരംഭിച്ച ഷിപ് വലതു നോക്കി നീങ്ങി.

അമേരിക്കയിലെ ബഫല്ലോ പട്ടണക്കരയിലെ ഏറിതടാകത്തിൽനിന്നുത്ഭവി
ക്കുന്ന നയാഗ്ര നദിയിലെ ജലം കാനഡയിലെ ഒന്റാറിയോ തടാകത്തിലേയ്ക്ക് കുത്തനെ പതിക്കുന്നതാണ് നാം കാണുന്നത്. ഇങ്ങനെ പതിക്കുന്നതിന്റെ ശക്തിയിൽ വെള്ളം ചെറിയ കണികകളായി മേലോട്ടുയർന്ന് മഞ്ഞുപോലെ ദൃശ്യമാകുന്നു. തൂവെള്ളിമേഘങ്ങൾകൊണ്ട് ഞൊറിഞ്ഞുടുത്ത പാവാടാപോലെ വെയിലിൽ മിനുങ്ങുന്ന വെള്ളച്ചാട്ടത്തിൽനിന്ന് ജലകണങ്ങൾ മേലോട്ടുയർന്ന് ആ പ്രദേശമാകെ ചാറൽ മഴയുടെ പ്രതീതിയിൽ സദാ തണുപ്പിച്ചുകൊണ്ടിരിക്കുന്നു. ഷിപ് വെള്ളച്ചാട്ടത്തിന്റെ സമീപം എത്തിയപ്പോൾ മഴയിൽ കുളിച്ചപോലെ എല്ലാരും നനഞ്ഞു. ആളുകൾ ആഹ്ലാദഭരിതരായി ഒച്ചവച്ചുകൊണ്ടിരുന്നു. കുറച്ചുകൂടെ മുന്നോട്ടു നീങ്ങിയപ്പോൾ ഒന്നും കാണാൻ കഴിയാതെ വെറും പുകപോലെ അനുഭവപ്പെട്ടു. തിരിയുമ്പോൾ ശരിക്കും 'റ' ആകൃതിയിൽ മനോഹരമായ ദൃശ്യമാണ് കാണാൻ സാധിച്ചത്. തെളിഞ്ഞുനില്ക്കുന്ന വെയിൽ ജലപ്പരപ്പിനു മുകളിലായി സദാ മഴവിൽ അണിയിച്ചുകൊണ്ട് നദിയെ സുന്ദരിയാക്കിയ കാഴ്ച വർണ്ണനാതീതം. ചിലസമയങ്ങളിൽ പാലത്തിന്റെ മുകളിൽ ആ മഴവില്ല് ദൃശ്യമാകും എന്ന് മോൻ പറഞ്ഞു.  അതുകൊണ്ടാണ് ആ പാലത്തിനു മഴവിൽപ്പാലം എന്നർത്ഥം വരുന്ന റെയിൻബോ ബ്രിഡ്ജ് എന്ന പേരുവന്നത് എന്നും പറഞ്ഞു. അവിടുന്ന് കുറച്ചു ദൂരം നടന്നപ്പോൾ വിക്ടോറിയ ടവർ കണ്ടു. അതിന്റെ വ്യൂ പോയിന്റിലൂടെ വെള്ളച്ചാട്ടം വളരെ അടുത്ത് കാണാൻ സാധിച്ചു. അവിടെ നിന്നു ദർശിക്കുമ്പോൾ നയാഗ്ര നദിയിൽ നിന്ന് കരിനീല നിറത്തിൽ ഒഴുകിവരുന്ന ജലം പച്ചനിറമായി താഴോട്ടിറങ്ങുന്നത് അതിമനോഹരമായ ഒരു കാഴ്ചയാണ്. വിവിധ ആകൃതികളിൽ സെറ്റ് ചെയ്തിട്ടുള്ള പൂന്തോട്ടങ്ങൾ വിക്ടോറിയ ഗാർഡനെ രാജകുമാരിയെപ്പോലെ സുന്ദരിയാക്കുന്നു.

വിക്ടോറിയ വ്യൂ പോയിന്റിലേയ്ക്ക് പോകുന്ന വഴിയിൽ നിക്കോള ടെസ്ല എന്ന സെർബിയൻ അമേരിക്കൻ ഇൻവെന്ററിന്റെ പ്രതിമയുണ്ട്. സർ ഹെൻട്രി പെല്ലറ്റ് എന്ന മഹാൻ ആണ് ആദ്യമായി നയാഗ്രവെള്ളച്ചാട്ടത്തിൽ നിന്ന് ഉത്പാദിപ്പിച്ച ഹൈഡ്രോ വൈദ്യുതി ടൊറോന്റോ സിറ്റിയിലേയ്ക്ക് കൊണ്ടുവന്നത് എന്നറിയാൻ കഴിഞ്ഞു.

സ്കൂളിൽ സാമൂഹ്യപാഠം പഠിപ്പിച്ച വാര്യർമാഷ് പറഞ്ഞു കേട്ടും ചിത്രങ്ങളിലൂടെ കണ്ടും അറിഞ്ഞിരുന്ന നയാഗ്ര വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും മാഹാത്മ്യവും ഒക്കെ നേരിൽക്കണ്ട് സായൂജ്യമടഞ്ഞു. ഈ സ്വർഗീയ ദൃശ്യം സന്ദർശിക്കാൻ അവസരം ഒരുക്കിയ പ്രിയപുത്രനും ഈ ഭാഗ്യം കൈവരിക്കാൻ വരം നല്കിയ സർവ്വേശ്വരനും നല്കുന്നു അകമഴിഞ്ഞ നന്ദിയും സ്നേഹവും..








 

No comments:

Post a Comment

2018 - ഒരു തിരിഞ്ഞുനോട്ടം

  2018നെ പലരും വിലയിരുത്തിയിരിക്കുന്നതുകണ്ട് ഞാനും ഒന്നു തിരിഞ്ഞു നോക്കുകയാണ്... ചുമ്മാ പറയരുതല്ലോ....വലിയ മോശമില്ലാതെ കടന്നുപോയി ട്ടോ. ഏറ്റ...