Wednesday, March 4, 2020



സ്കോളർഷിപ്പ് എന്ന വില്ലൻ.


കുഞ്ഞിലേ തല്ലുകൊള്ളിയായിരുന്ന എന്റെഒരു വിഡ്ഢിത്തം തന്നെയാവാം ഇന്ന് . എന്നെ ചുരുട്ടിക്കൂട്ടി കാട്ടിൽ കളയാതെ വളർത്തിയെടുത്ത അച്ഛനും അമ്മയ്ക്കും ക്ഷമയ്ക്കുള്ള അവാർഡ് കിട്ടേണ്ടതായിരുന്നു..അന്നത്തെ ഖജനാവിന്റെ ദാരിദ്ര്യം കാരണം മിസ്സ്‌ ആയതായിരിക്കും.. കൈയിലിരുപ്പ് അത്രയ്ക്കു കേമമായിരുന്നു.... അച്ഛൻ പുറത്തേയ്ക്കു പോകുമ്പോൾ ദേ ഇതിനെ പിടിച്ച് ഏതേലും കട്ടിൽകാലിൽ കെട്ടിയിട്ടിട്ടു പോയാൽ മതി എന്ന അമ്മയുടെ ദേഷ്യധ്വനി ഇപ്പോഴും കാതിൽ മുഴങ്ങുന്നതുപോലെയാണ്‌ ഇടയ്ക്കിടെ.

നാലാം ക്ലാസിൽ പഠിക്കുന്ന കാലം ഒരു ദിവസം വസുമതിടീച്ചർ പതിവുപോലെ വിളിച്ച് "നാളെ നിന്റെ അച്ഛനോടൊന്നിവിടംവരെ വരാൻ പറയണം ട്ടോ.. സ്കോളര്ഷിപ്പുണ്ട് നിനക്ക് " എന്ന് പറഞ്ഞു.... സ്കോളര്ഷിപ്പുണ്ട് എന്നു പറഞ്ഞത് വലിയ പിടികിട്ടിയില്ല... അതിനുമുൻപു പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം അത്ര പുത്തരിയല്ല... കാരണം അങ്ങനെയൊരു ഡയലോഗ് ഇടയ്ക്കിടെ ഉണ്ടാകാറുണ്ട് ടീച്ചർമാരുടെ കൈയിലിരുന്ന്. അത്രയ്ക്കാണല്ലോ അന്നൊക്കെ കൈയിലിരുപ്പ് . പാവം ഞാൻ കുഴപ്പത്തിലായി... ഓർമ്മയിലൊക്കെ പരതിനോക്കി. അടുത്തിടെയൊന്നും ഇൻഡീസൻസി ഉണ്ടാക്കിയിട്ടില്ല.... പിന്നെന്തിനാണാവോ അച്ഛനെ വിളിപ്പിക്കുന്നെ.. വീടെത്തുംവരെ ആകെ വല്ലാത്തൊരങ്കലാപ്പ്‌. വരുന്നവഴിയിലൊക്കെ ഒരുപാടു ചിന്തിച്ചു.. പിന്നെ ഒരു തീരുമാനത്തിലെത്തി... ഈ കാര്യത്തെക്കുറിച്ചു വീട്ടിൽ ആരോടും മിണ്ടണ്ട തല്ക്കാലം. അങ്ങനെ അതും കഴിഞ്ഞു അവിടവും കഴിഞ്ഞു എന്നുപറഞ്ഞതുപോലെ നാളുകൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു.. എന്റെ മനസ്സിൽനിന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽതന്നെ അത് പുതിയ റബ്ബർ വച്ച് അമർത്തി മാച്ചുകളഞ്ഞിരുന്നു...

ഒരു ദിവസം കരിമ്പാടത്തെ പറമ്പിൽ തെങ്ങുകേറിക്കാൻ അച്ഛന്റെ കൈയിൽ തൂങ്ങി മൊതലാളിച്ചിയായി ഗമയിൽ അങ്ങനെ പോകുകയായിരുന്നു. വഴിയിൽവച്ച് വസുമതിടീച്ചർ കാണാനിടയായി. അവർ അച്ഛനോട് ചോദിച്ചു.. സ്കൂളിലേയ്ക്ക് വിളിപ്പിച്ചിട്ട് എന്താ വരാഞ്ഞത്.. ഇവൾക്ക് സ്കോളർഷിപ് ഉണ്ടായിരുന്നു.. ആ ഫോം fill ചെയ്യാനാ വിളിപ്പിച്ചത് എന്നൊക്കെ വിശദമായി ടീച്ചർ സംസാരിച്ചു .. എന്റെ മുഖത്തിന്റെ ഷെയ്‌പ്പിനൊരു കോട്ടം സംഭവിച്ചോ...? സംഭവിച്ചുകാണും..മാഞ്ഞുപോയതെല്ലാം തെളിഞ്ഞു വരികയായിരുന്നല്ലോ അന്നേരം.

അച്ഛൻ അപ്പോൾ അവരോടു പറഞ്ഞു, അതെയോ.. ഞാൻ അറിഞ്ഞില്ല. അറിഞ്ഞെങ്കിൽ വന്നേനെ. അവളുടെ അമ്മ മറന്നു കാണും പറയാൻ എന്ന്..അതുകേട്ട്, അവളെക്കാൾ മാർക്ക് കുറഞ്ഞ അടുത്തകുട്ടിക്കു കൊടുത്തു എന്നും പറഞ്ഞ് ടീച്ചർ നടന്നകന്നു.

അപ്പോൾതന്നെ അച്ഛൻ ഒരു വല്ലാത്ത നോട്ടം എന്നെ നോക്കി.. അതിലെന്റെ പാതി ജീവനങ്ങു പോയി അവിടെത്തന്നെ. ഇന്നത്തെ എന്റെ കാര്യത്തിന് ഏതാണ്ട് ഒരു തീരുമാനമായി എന്ന് അപ്പഴേ മനസ്സിലുറച്ചു.. വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞപ്പോൾ അമ്മ ചോദിച്ചു ഇവിടെ വന്നു പറഞ്ഞോടി നീയിത് എന്ന്... അമ്മയുടെ ഭാവവും മട്ടും കണ്ട് നുണ പറയാനുള്ള എന്റെ സകല കഴിവുകളും ചോർന്നുപോവുകയായിരുന്നു. ആ മുഖത്തുനോക്കി ഇല്ല എന്നു പറയാനേ അപ്പോൾ കഴിഞ്ഞുള്ളു.. പിന്നെ അച്ഛൻ പതിവുപോലെ പുളിമരച്ചോട്ടിലേയ്ക്ക് തുള്ളിത്തുള്ളി നടന്നു... പുളി പറിക്കാനായിരുന്നില്ല അത്... പുളിവടി ഓടിക്കാനായിരുന്നു...

പാവം ഞാൻ... അല്ലെ... ടീച്ചർ പറഞ്ഞത് ഓർമ്മവച്ചു വീട്ടിൽ പറയണം... അല്ലെങ്കിൽ ദേ ഇങ്ങനെ ഇരിക്കും എന്ന് അന്നെന്റെ കുഞ്ഞു മനസ്സു പഠിച്ചു. പിന്നെ മുഖ്യമായകാര്യങ്ങൾ അടികൊണ്ടാലും ഞാൻ അമ്മയോട് പറയാറുണ്ട്...


2018 - ഒരു തിരിഞ്ഞുനോട്ടം

  2018നെ പലരും വിലയിരുത്തിയിരിക്കുന്നതുകണ്ട് ഞാനും ഒന്നു തിരിഞ്ഞു നോക്കുകയാണ്... ചുമ്മാ പറയരുതല്ലോ....വലിയ മോശമില്ലാതെ കടന്നുപോയി ട്ടോ. ഏറ്റ...