Thursday, December 31, 2020

2018 - ഒരു തിരിഞ്ഞുനോട്ടം

 




2018നെ പലരും വിലയിരുത്തിയിരിക്കുന്നതുകണ്ട് ഞാനും ഒന്നു തിരിഞ്ഞു നോക്കുകയാണ്... ചുമ്മാ പറയരുതല്ലോ....വലിയ മോശമില്ലാതെ കടന്നുപോയി ട്ടോ.


ഏറ്റവും സന്തോഷം നല്കിയത് യാതൊരു പ്രതീക്ഷകളുമില്ലാതെ 2007 മുതല്‍ മനസ്സില്‍ തോന്നുന്നതും കണ്ടതും കേട്ടതും അനുഭവിച്ചതും ഒക്കെയായി അപ്പപ്പോള്‍ കുത്തിക്കുറിച്ചതില്‍ പലതും കൂട്ടിത്തുന്നി നന്മ, കനല്‍പ്പൂക്കള്‍ എന്നീ പേരുകളില്‍ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് സാഹിത്യരംഗത്ത് വളരെ ചെറിയൊരടയാളമാകാന്‍ കഴിഞ്ഞു എന്നതുതന്നെയാണ്. ഈ സന്തോഷത്തില്‍ അതിനു വഴിയൊരുക്കിയ പ്രിയകുടംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും സര്‍വ്വോപരി എന്റെ പ്രിയതൂലികയ്ക്കും കെട്ടിപ്പിടിച്ചോരോ മുത്തം നല്കുന്നു.

ആ മഹാഭിലാഷത്തിനുവേണ്ട എല്ലാ അനുഗ്രഹങ്ങളുമേകിയാശ്ലേഷിച്ച് നക്ഷത്രക്കൂട്ടങ്ങളില്‍ ഏറെ പ്രകാശത്തോടെ നിര്‍വൃതിയടഞ്ഞുനിന്നിരുന്ന എന്റെ മാതാപിതാക്കളോടും, സര്‍വ്വ സഹായസഹകരണങ്ങളും നല്കി കൂടെനിന്ന സംഘമിത്രബുക്‌സിന്റെ ഉടമയായ പ്രിയസുഹൃത്ത് ശ്രീ. ഷാജിനായരമ്പലത്തിനോടും, കാവ്യലോകത്തേയ്ക്കു കടക്കാന്‍ തുടക്കം കുറിപ്പിച്ച ജോയ്, രാജേഷ്, അകാലത്തില്‍ വിടപറഞ്ഞ പുണ്യന്‍ എന്നീ സഹോദരന്മാരോടും, വൃത്തവും പ്രാസവും പഠിപ്പിച്ച് കവിതയ്ക്ക് ഉടയാടയും തുന്നി കനകാഭരണങ്ങളണിയിച്ച് മേടമേലേറ്റി രസാവഹമാക്കാന്‍ മാര്‍ഗ്ഗദര്‍ശിയായി ധൈര്യമേകി സദാ കൂടെനടന്ന പ്രിയഗുരു ശ്രീ ശ്രീലകം വേണുഗോപാല്‍സാറിനോടും, ഞാന്‍ കുറിക്കുന്ന വാക്കുകളില്‍ തെറ്റുപറ്റുന്ന വ്യാകരണങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ചൂരലുമായി പുറകെനടന്ന് തിരുത്തി നല്ലമലയാളത്തെ കൊലചെയ്യാതെ ഇത്രയെങ്കിലും തെളിവോടെ കൈകാര്യംചെയ്യാന്‍ സഹായിച്ച പ്രിയസഹോദരന്‍ ശ്രീ. ബോബിച്ചായനോടും, അവരെ ആദ്യമായി പരിചയപ്പെടുത്തിത്തന്ന കെക്കെ, കിച്ചു എന്നൊക്കെയുള്ള ഓമനപ്പേരില്‍ ഈ മുഖപുസ്തകത്തിലറിയപ്പെടുന്ന എന്റെ സ്വന്തം അനിയന്‍ കൃഷ്ണകുമാറിനോടും, എന്റെ എഴുത്തുകള്‍ നെഞ്ചിലേറ്റി, പ്രോത്സാഹിപ്പിച്ച എല്ലാ പ്രിയകൂട്ടുകാരോടും, സാമ്പത്തികസഹായവും സര്‍വ്വസൗകര്യങ്ങളും ഒരുക്കിത്തന്ന് പ്രോത്സാഹനങ്ങളും നല്കിയ എല്ലാമെല്ലാമായ പ്രിയനാഥനോടും മക്കളോടും എന്റെ ഹൃദയത്തിലുള്ള സ്‌നേഹവും നന്ദിയും ആദരവും നിറഞ്ഞവിനയത്തോടെ ഇവിടെ ഞാന്‍ കുറിക്കട്ടേ.

പുസ്തകപ്രകാശനത്തിനുശേഷം സാഹിത്യരംഗത്ത് ഉന്നതരായ പലരേയും പരിചയപ്പെടാനും അവരില്‍പ്പലരുടേയും ഉപദേശപ്രകാരം അതുവരെ ഒട്ടും തീണ്ടിയിട്ടില്ലായിരുന്ന വായന എന്ന മഹാഗുണം എന്നിലുണ്ടാക്കുവാനും അങ്ങനെ കുറച്ചു പുസ്തകങ്ങള്‍ വായിക്കാനും സാധിച്ചു എന്നത് ഒരു വലിയ സന്തോഷം. മനസ്സിലെ കാടുതെളിക്കാന്‍ വായനയോളം നല്ലൊരൗഷധം ഈ ലോകം മുഴുവന്‍ തേടിയാലും വേറെ കിട്ടൂല്ലാ ട്ടോ. മനസ്സിന്റെ ഇരുളകലുന്നതോടൊപ്പം നമ്മില്‍ വിനയവും വിവേകവുംകൂടെ ബോണസ്സായി വന്നുനിറയും വായനയില്‍ക്കൂടെ എന്നത് ഒരു നഗ്നസത്യംതന്നെ.

ഹൈദ്രാബാദ്, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയസ്ഥങ്ങളിലേയക്കുള്ള ആവര്‍ത്ത നയാത്രകള്‍, മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടുമൊപ്പമുള്ള വിനോ ദയാത്രകള്‍ സിനിമകാണലുകള്‍ എല്ലാംതന്നെ ഏറെ സന്തോഷംനല്കി യവ യാണ് ഈവര്‍ഷത്തില്‍.

ബാല്യകാലസുഹൃത്തുക്കളോടൊപ്പം സുവര്‍ണ്ണകാലസമൃതികള്‍ അയവിറ ക്കാന്‍ ഒരു വാട്‌സാപ്പ്ഗ്രപ്പുണ്ടാക്കിയതും ഈ വര്‍ഷത്തിന്റെ മുതല്‍ക്കൂ ട്ടില്‍പ്പെടുന്നു.

ജനിച്ചനാട്ടില്‍ വിമുക്തഭടസംഘടനയുടെ പേരിലുള്ള സാഹിത്യപരമായ അംഗീകാരത്തിന്റെ ആദരവും ഗുണകരങ്ങളായ രണ്ടു മൂന്ന് സൗഹൃദ സംഗമങ്ങളും സാഹിത്യസംഗമങ്ങളും പങ്കെടുക്കാനായതിലെ സന്തോഷാ നുഭവങ്ങളും പുതിയ കുറെ സുഹൃത്തുക്കളെ ലഭിച്ചതും എല്ലാം 2018 ലെ മുതല്‍ക്കൂട്ടുകള്‍തന്നെ.

മുടക്കംകൂടാതെ പിറന്നാളും, വിവാഹവാര്‍ഷികവും ആഘോഷമാക്കാനായി. വിവാഹാദിച്ചടങ്ങുകളില്‍ പങ്കെടുക്കാനും എന്നും കൊതിക്കുന്ന കേരളത്തി ന്റെ തനതായ രിചിവൈഭവമൂറും ഗംഭീരസദ്യകളും വിസ്മരിക്കാനാവാ ത്തവതന്നെ.

കൂട്ടുകാരും ഉന്നതവ്യക്തികളും ബന്ധുക്കളുമായി കുറച്ചുപേര്‍ വിടപറഞ്ഞതൊഴിച്ചാല്‍ ബാക്കിയാല്ലാം മംഗളകരമായിരുന്നു എന്നുതന്നെ പറയാം.

ലോകംകണ്ടതില്‍വച്ച് ഏറ്റവും വലിയ പ്രളയദുരന്തത്തിനു ദൃക്‌സാക്ഷി യാകേണ്ടിവന്നു എങ്കിലും ഇതുപോലൊരു സംഭവം നടന്നാല്‍ തകരാവു ന്നതേയുള്ളൂ കേവലം സ്വാര്‍ത്ഥമനോഭാവത്തോടെ നാം കെട്ടിപ്പടുക്കുന്ന ആകാശക്കോട്ടകളെല്ലാം എന്ന ബോധം എന്നിലുണ്ടായിരുന്ന കുറെ പൊട്ട സ്വഭാവങ്ങളും അഹങ്കാരങ്ങളും പടിയിറക്കി മനസ്സു കുറെക്കൂടെ പരിശുദ്ധ മാക്കാന്‍ സാധിച്ചതില്‍ സംതൃപ്തതിയുണ്ടെനിക്ക്. ജാതിമതഭേദമന്യേ മനുഷ്യ രില്‍ മനുഷ്യത്വം എന്ന മഹാഗുണം നിറഞ്ഞുതുളുമ്പിനിന്ന ആ ദിനങ്ങള്‍ അന്നും ഇന്നും എന്നും ഓര്‍മ്മയില്‍ ഒരു കുളിരുതന്നെ. അങ്ങനെ ആ മഹാപ്രളയദുരന്തംപോലും 2018 ന്റെ മുതല്‍ക്കൂട്ടായിട്ടാണ് എന്റെ മനസ്സില്‍ ഇടംപിടിച്ചിരിക്കുന്നത്.

മണ്ണില്‍ക്കലര്‍ന്ന പഞ്ചസാരയെ മണ്ണുപറ്റാതെ ഒപ്പിയെടുക്കുന്ന ഉറുമ്പുക ളെപ്പോലെ, ലോകയാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ട് അവയില്‍ നന്മയായി ത്തോന്നുന്ന ഗുണവിശേഷതകളെ യാതൊരു മടിയുംകൂടാതെ ഒപ്പിയെടുത്ത് നെഞ്ചോടുചേര്‍ക്കാനും നേരിടുന്ന സുഖദുഃഖങ്ങളെ ഒന്നുപോലെ ഉള്‍ക്കൊണ്ട് ഭഗവത്പ്രസാദമായി കരുതി സസന്തോഷം ജീവിക്കുവാനുമുള്ള കരുത്തും ഊര്‍ജ്ജവും സര്‍വ്വേശ്വരന്‍ ഏവര്‍ക്കും പ്രദാനം ചെയ്യുമാറാകട്ടെ എന്ന് ഹൃദ്യമായി പ്രാര്ത്ഥിച്ചുകൊണ്ട് 2019 നെ നമുക്കു വരവേല്ക്കാം.

2018 നേക്കാള്‍ ശാന്തിയും സമാധാനവുംകൊണ്ടു സമൃദ്ധമായിരിക്കട്ടെ 2019 എന്ന പ്രത്യാശയോടെ എല്ലാ പ്രിയകൂട്ടുകാര്‍ക്കും എന്റെ ഹൃദയംനിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു....

നിങ്ങളുടെ സ്ന്തം,
ദേവി നെടിയൂട്ടം 




2018 - ഒരു തിരിഞ്ഞുനോട്ടം

  2018നെ പലരും വിലയിരുത്തിയിരിക്കുന്നതുകണ്ട് ഞാനും ഒന്നു തിരിഞ്ഞു നോക്കുകയാണ്... ചുമ്മാ പറയരുതല്ലോ....വലിയ മോശമില്ലാതെ കടന്നുപോയി ട്ടോ. ഏറ്റ...