Sunday, December 29, 2019


Image may contain: 1 person, smiling, text
ഞാനും എന്റെ രണ്ടായിരത്തിപ്പത്തൊൻപമ്പതും 


എന്റെ രണ്ടായിരത്തിപ്പത്തൊൻപതേ,

 2018 ചെയ്ത നന്മകളിലൂടെ അനുഭവിച്ച സന്തോഷങ്ങൾക്കെല്ലാം ഹൃദ്യമായി യാത്രാമൊഴി ചൊല്ലി  നിന്നെ വരവേൽക്കുമ്പോൾ ഞാൻ ഒരുപാടു മാറിയിരുന്നു. കഴിഞ്ഞകാലങ്ങളെയോർത്തു വിലപിക്കുന്നതിൽനിന്നും വരൻപോകുന്ന കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകളിൽനിന്നും ഒക്കെ ഒഴിഞ്ഞുമാറി തികച്ചും വർത്തമാനകാലം ആസ്വദിക്കുവാൻപോന്ന മാനസികാവസ്ഥ സ്വീകരിച്ചുകഴിഞ്ഞിരുന്നു.  പ്രളയത്തിലൂടെ നീ  നല്കിയ  പാഠങ്ങൾ ഹൃദയത്തെ അത്രയ്ക്ക് വിശാലമാക്കിയിരുന്നു. അതുകൊണ്ടുതന്നെ നിന്നെ വരവേൽക്കുമ്പോൾ വലിയ പ്രതീക്ഷകളേക്കാൾ എന്റെ മനസ്സിൽ നിറഞ്ഞിരുന്നത് അർഹതയ്ക്കനുസരിച്ചു ലഭിക്കുന്നതെന്തോ അതിനെ പൂർണ്ണമായി ആസ്വദിക്കുക എന്ന ലക്ഷ്യമായിരുന്നു.

 നീ എന്റെ ഓർമ്മത്താളുകളിലേക്കു വഴിമാറുവാൻ ഇനി രണ്ടേരണ്ടു ദിവസങ്ങൾമാത്രം അവശേഷിക്കുന്ന ഈ വേളയിൽ, കാലം ടീനേജിൽനിന്ന് 
കടക്കുന്നതോടെ ഞാനും വയോജനക്കൂട്ടത്തിലേക്ക് കാൽവയ്ക്കുന്ന വിവരം സസന്തോഷം നിന്നെ അറിയിക്കട്ടെ. ഈ ഡിസംബറിൽ നീ എനിക്ക് നല്കിയ   ഈ സന്തോഷകരമായ നിമിഷത്തെ എന്നെന്നും ഓർമ്മിക്കത്തക്കതാക്കിത്തന്നതിൽ അകമഴിഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നതോടൊപ്പം  ജീവിതത്തിന്റെ സായാഹ്നവിശ്രമത്തിൽ ഏറെസന്തോഷങ്ങൾ കാഴ്ചവച്ച  നിന്നെ ഞാൻ ഒരിക്കലും മറക്കാനാവാത്തവിധം  ഏഴുവർണ്ണങ്ങളും ചേർത്ത് മയിൽപ്പീലിയാൽ  നിന്റെ പിജിൽ ഞാനിതാ  കോറിയിടുന്നു. 

 ഇന്നലെകളിലേക്കൊന്നു തിരിഞ്ഞുനോക്കിയാൽ
എന്റെ അമ്മയുടെ മൂന്നാം ശ്രാദ്ധബലിഅർപ്പിക്കാൻ കൂടപ്പിറപ്പുകളോടൊപ്പം കൂടാൻ സാധിച്ചില്ല.
  പ്രളയം പേരിനൊന്നു പേടിപ്പിക്കാൻ അയലത്തുവരെ എത്തിയെന്നതല്ലാതെ വലിയതരക്കേടുകൾ ഒന്നുംതന്നെ കാണിച്ചില്ല ഇത്തവണ എന്നുതന്നെ പറയാം. ചുമ്മാ പറയരുതല്ലോ. പ്രിയപ്പെട്ടവരുടെ വിടപറയൽപീഡനങ്ങൾകൊള്ളകൊലഇവയൊക്കെ മുറതെറ്റിക്കാതെ വിഹരിച്ചു പതിവുപ്രഹരങ്ങൾനല്കിക്കൊണ്ടിരുന്നതിൽ വലിയ പിശകുകൾകാണിച്ചതായി അനുഭവപ്പെട്ടില്ല.
ബന്ധുക്കളുടെയും ഓൺലൈൻ സൗഹൃദങ്ങളുടെയും  സൽക്കാരച്ചടങ്ങുകളും  പല  സാഹിത്യസംഗമങ്ങളും മിസ്സ് ചെയ്തുഇതൊക്കെയാണ്  വലിയൊരു സന്തോഷത്തിനു വിതപാകിക്കൊണ്ടു നീ വിതച്ച നഷ്ടങ്ങൾ.

 ഇനി നേട്ടങ്ങളെ പരിശോധിച്ചാൽ,
ജനുവരി 18 ന് മോളുടെ പിറന്നാൾ ആഘോഷത്തിന്റെ അന്ന് ഞങ്ങളെ തേടിവന്ന വാർത്ത,"ഇവിടെഇപ്പോൾ നല്ല കാലാവസ്ഥയാണ് സ്ഥലങ്ങളൊക്കെ ചുറ്റിക്കറങ്ങാൻ എന്നും അച്ഛന്റെഅറുപതാംപിറന്നാൾ ആഘോഷമാക്കിയതുപോലെ അമ്മയുടെ അറുപതാം പിറന്നാളുംആഘോഷമാക്കണം" എന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള വിദേശയാത്രാക്ഷണത്തോടെയുള്ള മോന്റെ വീഡിയോ കാൾ ആയിരുന്നു.
ചേച്ചിയും ഇങ്ങോട്ടെത്തും അപ്പോഴേക്കും എന്ന് മോൻ പറഞ്ഞപ്പോൾ മനസ്സിൽ ഉണ്ടായ സന്തോഷംപറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നുഅതായിരുന്നു നീ കടന്നുവന്ന ആദ്യമാസത്തിൽത്തന്നെ ഞങ്ങളെത്തേടിയെത്തിയ
 കടിഞ്ഞൂൽ സന്തോഷം.  

അതിനുവേണ്ടിയുള്ള ഒരുക്കങ്ങളോടൊപ്പം ഒരു കഥാസമാഹാരപ്രസിദ്ധീകരണം എന്ന എന്റെ വലിയമോഹസാക്ഷാത്കാരത്തിന് മൂകാംബികയുടെ അനുഗ്രഹം ലഭിച്ച സന്തോഷവും സംതൃപ്തിയും നിൻറെ  മെയ് 18എന്ന താളിൽ  ഇടംപിടിച്ചതായിരുന്നു രണ്ടാമത്തെ  നിന്റെ സംഭാവന. 

വിസ പ്രോസസ്സിംഗ് ആരംഭിച്ചശേഷം  മോന്റെയും  മോളുടെയും കൊച്ചുമോളുടെയും(ഉണ്ണിമോൾ)കൂട്ടിനായി ഒരു ഉണ്ണിമോൻ വരാൻപോകുന്ന എന്നവിവരം ഡബിൾത്രിബിൾസന്തോഷവാർത്തയായി  ഞങ്ങളെത്തേടിവന്നതും നിന്റെ സംഭവനയിൽ അഗ്രഗണ്യമായ സ്ഥാനം വഹിച്ചു. 

മക്കളുടെ ചിരകാലമോഹമായിരുന്നു ഞങ്ങളുടെ വിദേശയാത്ര. 2008   ആരംഭിച്ച ഞങ്ങളുടെ വിമാനയാത്രകളുടെ സിൽവർജൂബിലി ആഘോഷമായിരുന്നു  കാനഡ യാത്ര. കൂടാതെ,  ആദ്യവിദേശയാത്ര എന്ന മുദ്രയും  നിന്റെ താളിലാണ് എനിക്ക് അടയാളപ്പെടുത്താൻ സാധിച്ചത്.
മക്കളുടെയും   കൊച്ചുമക്കളുടെയുംകൂടെ ആറുമാസം ശരിക്കും അടിച്ചുപൊളിച്ചുകാനഡയിലെ കുറച്ചു സ്ഥലങ്ങൾ സന്ദർശിക്കാൻ ഭാഗ്യമുണ്ടായി. ഇതൊക്കെ നീ എനിക്കായി കാഴ്ചവച്ച വലിയ വലിയ സംഭാവനകളാണ്.

 മനുഷ്യരാൽ പ്രകൃതിക്കു വലിയ ദോഷങ്ങൾ സംഭവിക്കാതെയും നന്മയും ന്യായവും സത്യവും  ജയിക്കുവാനും സന്മനസ്സുള്ളവരുടെ സമാധാനത്തിനും സന്തോഷത്തിനും  അതുമൂലം നാടിന്റെ ഉയർച്ചയ്ക്കും വേണ്ടി മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് നിന്നിലുണ്ടായിരുന്ന അതെ ലക്ഷ്യത്തോടെ  നിന്റെ അനിയനായ 2020 നെ സർവ്വ ആദരവുകളും നല്കി സസന്തോഷം വരവേൽക്കട്ടെ !

പകുതികാലം  നാട്ടിലും ബാക്കികാലം  വിദേശത്തുമായി വലിയദോഷങ്ങളൊന്നും വിതയ്ക്കാതെ കടന്നുപോയ  നിനക്ക്  ഒരായിരം നന്ദി.

എന്റെ എല്ലാ പ്രിയകൂട്ടുകാർക്കും നല്ലൊരു വർഷം  ആശംസിച്ചുകൊണ്ട്നിനക്കെന്റെ യാത്രാമൊഴി.!

ഹാപ്പി  ട്വന്റി  ട്വന്റി ! Happy  2020 

സ്നേഹപൂർവ്വം,
ദേവി കെ. പിള്ള.



2018 - ഒരു തിരിഞ്ഞുനോട്ടം

  2018നെ പലരും വിലയിരുത്തിയിരിക്കുന്നതുകണ്ട് ഞാനും ഒന്നു തിരിഞ്ഞു നോക്കുകയാണ്... ചുമ്മാ പറയരുതല്ലോ....വലിയ മോശമില്ലാതെ കടന്നുപോയി ട്ടോ. ഏറ്റ...