Thursday, October 31, 2019

ഹാലോവീൻ

Image may contain: 1 person, standing, shoes and outdoor




കാനഡയിലെ ഹാലോവീൻദിന ആഘോഷം

നമ്മുടെ നാട്ടിൽ വിഷുവിന് കണികാണിക്കാൻ വരുന്ന പിള്ളേരെപ്പോലെ കൊച്ചുമോളുടെ കൂടെ വീടുതോറും നടന്ന് ട്രിക്ക് ഓർ ട്രീറ്റ്‌ ആഘോഷിച്ചു. നാട്ടിൽ പൈസ കൊടുക്കണം.... സമ്പന്നരാഷ്ട്രമായതിനാലായിരിക്കും ഇവിടെ sweets ആണ് തരുന്നത്. നന്നായി ആഘോഷിച്ചു ഹാലോവീൻ ദിനം.

പാശ്ചാത്യരാജ്യങ്ങളിലെ ക്രിസ്തുമതവിശ്വാസികളുടെ ഇടയിൽ ആഘോഷിച്ചുപോരുന്ന ഒരു വാർഷിക ഉത്സവമാണ് ഹാലോവീൻ. പരേതാത്മാക്കൾ ഉയിർത്തെഴുന്നേൽക്കുന്ന ദിവസം എന്നാണ് ഹാലോവീൻ എന്ന വാക്കിന്റെ അർത്ഥം. വിവിധ പേരുകളിൽ ഒട്ടേറെ ദിനങ്ങൾ ആചരിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്ന പാശ്ചാത്യജനതയ്ക്ക് ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും വലിയ സെക്കുലർ ആഘോഷമാണ് ‘ഹാലോവീൻ ദിനം.’

ക്രിസ്തുവിനുമുമ്പ് യൂറോപ്പിൽ ജീവിച്ച അപരിഷ്‌കൃതരും സത്യദൈവ വിരുദ്ധരുമായിരുന്ന വിജാതീയരുടെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ ദുരാചാരത്തിൽനിന്നാണ് ഈ ആഘോഷം ആരംഭിച്ചത്. എങ്കിലും സകല വിശുദ്ധരുടെയും തിരുനാളിന് (ഓൾ സെയിന്റ്‌സ് ഡേ) തലേദിവസം എന്നുള്ള ‘ആൾ ഹോളോസ് ഈവ്’ എന്ന ഇംഗ്ലീഷ് വാക്കിൽനിന്നാണ് ഹാലോവീൻ എന്ന പേര് ഉണ്ടാകുന്നത്.

ക്രിസ്തുവിനെ വിശ്വസിച്ചതിന്റെ പേരിൽ പീഡനമേൽക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വിശുദ്ധരുടെ ഓർമദിനങ്ങൾ ആദ്യനൂറ്റാണ്ടുമുതൽക്കേ ആചരിച്ചുപോന്നിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗ്രിഗറി മൂന്നാമൻ പാപ്പ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക സകല വിശുദ്ധർക്കുംവേണ്ടി സമർപ്പിക്കുകയുണ്ടായി. അതിനുശേഷമാണ് നവംബർ ഒന്ന് സകലവിശുദ്ധരുടേയും തിരുനാളായി ആചരിച്ചുതുടങ്ങിയത്.

പുതുവത്സരത്തിനു തലേദിവസം മരിച്ചവരുടെ ആത്മാക്കളെ തങ്ങളുടെ ഭവനങ്ങളിലേക്കു പോകാൻ മരണത്തിന്റെ ദേവനായ ‘സാഹയിൻ’ അനുവദിക്കുമെന്നൊരു വിശ്വാസം ഇവരുടെ ഇടയിൽ നിലനിന്നിരുന്നു. പാപത്തിൽ മരിച്ചവരുടെ മോചനത്തിനുവേണ്ടി മൃഗബലിയും നരബലിയും അർപ്പിച്ചിരുന്ന ഇവർ, പിശാചുക്കൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ വീടിനു പുറത്ത് ഭക്ഷണം കരുതിവെക്കുമായിരുന്നു.

പിശാചുക്കളുടേയും പ്രേതങ്ങളുടേയും ദുരാത്മാക്കളുടേയും ഭീകരരൂപത്തിലുള്ള വേഷങ്ങൾ ധരിച്ചാൽ തങ്ങളെ ഉപദ്രവിക്കാതെ അവർ കടന്നുപോകുമെന്നായിരുന്നു അവരുടെ വിശ്വാസം. അതിനുവേണ്ടിയാണ് പുതുവത്സരത്തിനു മുൻപുള്ള രാത്രിയിൽ ജനങ്ങളെല്ലാം ഇത്തരം വേഷങ്ങൾ ധരിച്ചിരുന്നത്.

ക്രിസ്തുവിന് വർഷങ്ങൾക്കുമുമ്പ് ഇംഗ്ലണ്ട് സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, വടക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ ജീവിച്ചിരുന്ന തികച്ചും അപരിഷ്‌കൃതരായ സെർട്ടിക്ക് ജനതയുടെ പുതുവത്സര ആഘോഷ അവസരമായിരുന്നു ഇത്.

ക്രിസ്തുമതത്തിലേക്ക് പരിവർത്തനംചെയ്ത സെർട്ടിക് ജനത തങ്ങളുടെ പഴയ ആചാരങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചതാണ് ഈ ആചാരത്തിന് കാരണമായത്. സകല വിശുദ്ധരുടേയും തിരുനാളിന് തലേദിവസമാണ് ഈ ആഘോഷങ്ങൾക്കായി അവർ തിരഞ്ഞെടുത്തത്.

ക്രിസ്ത്യാനികളോടൊപ്പം മറ്റു മതക്കാരും ഹാലോവീൻ ആഘോഷിക്കുന്നു. ഹാലോവിൻ ദിനത്തിനായി നാടും നഗരവും ഒരുപോലെ ഒരുക്കം തുടങ്ങുന്നു. ആഴ്ചകൾക്കുമുമ്പേതന്നെ
അതുമായി ബന്ധപ്പെട്ട വിൽപ്പനവസ്തുക്കൾക്കൊണ്ട് കമ്പോളങ്ങൾ നിറയും. എത്ര പ്രാധാന്യത്തോടെയാണ് ഹാലോവീൻ ഇവർ ആഘോഷിക്കുന്നത് എന്ന് ഇതിൽനിന്നു വ്യക്തമാക്കാം. പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിഞ്ഞ് നിരത്തുകളിൽ പ്രകടനം നടത്തിയും ഇവിടെ വിളയുന്ന ഒരുതരം മത്തങ്ങ ഉപയോഗിച്ചുള്ള തല, അസ്ഥികൂടങ്ങൾ, കാക്ക, ഭീമാകാരമായ എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങൾ എന്ന പേരിൽ ഉണ്ടാക്കിവച്ച് അലങ്കരിക്കുന്നു.

കുട്ടികളും മുതിർന്നവരും ഭയപ്പെടുത്തുന്ന പ്രേതങ്ങളെപ്പോലെ മേക്കപ്പ് ഇടുകയും വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നു. വീട്ടിൽ വളർത്തുന്ന മൃഗങ്ങളെയും ഇത്തരത്തിൽ അണിയിച്ചൊരുക്കിയാണ് പുറത്തിറക്കുന്നത്. ഇങ്ങനെ അണിഞ്ഞൊരുങ്ങി ഓരോ വീടുകളിലും പോയി വികൃതി അല്ലെങ്കിൽ സമ്മാനം എന്ന് അർത്ഥം വരുന്ന ട്രിക്ക് ഓർ ട്രീറ്റ്‌ ചോദിക്കുന്നു. ട്രിക്ക് ആണെങ്കിൽ വികൃതിയും ട്രീറ്റ്‌ ആണെങ്കിൽ സമ്മാനവും എന്നതാണ് രീതി.

വൈകുന്നേരമുള്ള ആഘോഷമായതിനാലോ എന്തോ സ്‌കൂളിനോ ഓഫീസുകൾക്കോ അവധിയുള്ളതായി കാണുന്നില്ല.

നൂറ്റാണ്ടുകൾക്കു മുൻപ് വിശുദ്ധസായാഹ്നം എന്ന പേരിൽ വിശുദ്ധരുടെ വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു വീടുകൾതോറും കയറി ട്രിക്ക് ഓർ ട്രീറ്റ്‌ ചോദിച്ചിരുന്നത് എന്ന് പറയപ്പെടുന്നു.

എന്തായാലും രസകരമായി തോന്നി. ഇന്ന് കൊച്ചുമോൾ അങ്ങനെ അണിഞ്ഞൊരുങ്ങിയാണ് സ്കൂളിൽ പോയിരുന്നത്. സ്കൂളിൽ ടീച്ചർമാരും കുട്ടികളും ഇതുപോലുള്ള വേഷങ്ങളിൽ ആയിരുന്നു. വരുന്ന വഴിയിൽ വീടുകളിലും ഇതിന്റെ ആഘോഷങ്ങൾ ഒരുക്കിയിരുന്നു. ഇന്ന് പതിവില്ലാതെ രാവിലെമുതൽ ഇവിടെ മഴയാണ്. അതുകൊണ്ട് തണുത്തുവിറച്ചിട്ട് പുറത്തുനിന്ന് കണ്ടുരസിക്കാൻ സാധിച്ചില്ല. ഞാൻ ആദ്യമായി കാണുന്നതുകൊണ്ടോ എന്തോ നല്ല കൗതുകം തോന്നി.

Image may contain: 1 person, standing and outdoor

Image may contain: 1 person, smiling, standing, tree and outdoor

No comments:

Post a Comment

2018 - ഒരു തിരിഞ്ഞുനോട്ടം

  2018നെ പലരും വിലയിരുത്തിയിരിക്കുന്നതുകണ്ട് ഞാനും ഒന്നു തിരിഞ്ഞു നോക്കുകയാണ്... ചുമ്മാ പറയരുതല്ലോ....വലിയ മോശമില്ലാതെ കടന്നുപോയി ട്ടോ. ഏറ്റ...