Sunday, October 6, 2019

വിദ്യാരംഭം.. സുഖമുള്ള ഒരു കുഞ്ഞോർമ്മ.

Image may contain: outdoorImage may contain: 3 people, including Rajesh Veliath, people standing
രാവിലെ എഴുന്നേറ്റ് കുളിച്ചുവന്ന് പ്രാർത്ഥനകഴിഞ്ഞ് പതിവുപോലെ വാട്സ്ആപ്പ് ദർശനം നടത്തുമ്പോൾ ആദ്യം കണ്ണുടക്കിയത് എന്റെ ബാല്യകാലസഖി രമാദേവിയുടെ സന്ദേശത്തിൽ ആയിരുന്നു. നാട്ടിലെ അമ്പലത്തിലെ വിദ്യാരംഭത്തിന്റെ മുഴുവൻ വിവരങ്ങളും ഉള്ള ഒരു മെസ്സേജ്. അവൾക്കൊരു നന്ദി പറഞ്ഞു. കാരണം മലയാളം കലണ്ടർ ഇല്ലാത്തതുകൊണ്ട് ഒന്നും അറിയാൻ കഴിയാതിരിക്കുകയായിരുന്നു ഇവിടെ ഇതുവരെ.
വീട്ടിൽ ഒരു ഉണ്ണി ജനിച്ചിരിക്കുന്നതുകൊണ്ട് മോന്റെയും മരുമോളുടെയും കൂട്ടുകാരുടെ വരവും അവർക്കുള്ള സൽക്കാരങ്ങളും സംസാരങ്ങളുമായി നേരം വെളുത്താൽ രാത്രിയാകുന്നതേയറിയുന്നില്ല കുറച്ചു നാളുകളായിട്ട്. വിരുന്നുകാർ പോയപ്പോൾ ഭക്ഷണവും കഴിച്ച് മുറിയിലേയ്ക്കു കയറി.
അതീവ തണുപ്പ്...എന്തെന്നില്ലാത്ത ഒരു ഏകാന്തത എന്നെ വലിച്ചുമുറുക്കുന്നതായിത്തോന്നി. ജനാലയുടെ സ്ക്രീൻ മെല്ലെ മാടിയൊതുക്കി. വിദൂരങ്ങളിലേയ്ക്കു വെറുതേ നോക്കിനിന്നു. വാനം തെളിഞ്ഞുകാണാം അപ്പോഴും. ചെടികളിലും മരങ്ങളിലും പച്ചപ്പു മാറി വരുന്ന ഇലകൾ തണുത്തകാറ്റിൽ വിറച്ചാടുന്നുണ്ട്. ഉറങ്ങാൻ നേരത്തും സൂര്യൻ അസ്തമിച്ചിട്ടില്ലാത്ത ആകാശത്തിൽ മേഘനിരകൾ ധൃതിയായി എങ്ങോട്ടോ യാത്രപോകുന്നു. എന്റെ ചിന്തകൾ ജന്മനാടായ പറവൂരിന്റെ അഭിമാനം ശിരസ്സിലേറ്റി നിലകൊള്ളുന്ന ശ്രീ മൂകാംബികാക്ഷേത്രക്കൊടിമരമുകളിലും. പഴയ സംസ്കാരത്തിന്റെ സമ്പന്നതയ്ക്കു വലിയ വ്യത്യാസങ്ങൾ വന്നിട്ടില്ലാത്ത മൂകാംബികക്ഷേത്രവും താമരക്കുളവും സരസ്വതിയും എന്റെ ഓർമ്മളെ ഒരുപാടൊരുപാടു പുറകിലേയ്ക്കു നടത്തി. നാവിൽ ഒരു സരസ്വതി സ്തുതി ഞാൻപോലുമറിയാതെ കടന്നുവന്നു.

"സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി 
സിദ്ധിർഭവതുമേ സദാ"

പഠിക്കുന്നകാലങ്ങളിൽ പൂജാവയ്പ്പോണത്തിനു കിട്ടുന്ന അവധിക്കാലം വലിയ പ്രിയമായിരുന്നു. കാരണം പുസ്തകം പൂജയ്ക്കുവച്ചാൽ പഠിക്കാൻ ആരും പറയില്ലല്ലോ. വീട്ടിൽ ആരുടെ മുന്നിലും വെറുതേ നില്ക്കാം. അല്ലാത്ത ദിവസങ്ങളാണെങ്കിൽ ചുമ്മാ നില്ക്കുന്നതു കണ്ടാൽ പോയിരുന്നു പടിച്ചൂടേ, നിനക്കു പഠിക്കാനൊന്നുമില്ലേ, നിന്റെ പുസ്തകം എന്താ പൂജിക്കാൻ വച്ചേക്കുകയാണോ എന്നിങ്ങനെ മുതിർന്നവരുടെ വിവിധ തരത്തിലുള്ള സാഹിത്യഡയലോഗുകൾ കേൾക്കണമല്ലോ. അതില്ലാതെ സമാധാനമായി കളിക്കാവുന്ന ഒരു കിടിലൻ അവധിക്കാലമായതുകൊണ്ടുതന്നെ സരസ്വതി പണ്ടേ എന്റെ ഇഷ്ടദേവി ആയിരുന്നു. സന്ധ്യയ്ക്കു നാമംജപിക്കുമ്പോഴും അധികവും സരസ്വതീകീർത്തനങ്ങളായിരുന്നു ചൊല്ലിയിരുന്നതും.
നവരാത്രി ആരംഭിച്ചാൽ വീടും പരിസരങ്ങളും വൃത്തിയാക്കാൻ അമ്മയെ സഹായിക്കുന്ന ഓർമ്മകൾക്ക് ഇന്നും നല്ല പച്ചപ്പുതന്നെ. അമ്മമ്മയുടെ കൈയുംപിടിച്ച് അമ്പലത്തിൽ മൂകാംബികയിൽ പോകുന്നതും കൊക്കരണിയിൽ പൈസയിടുന്നതും ഒരു കൗതുകമുള്ള വിനോദമായിരുന്നു അക്കാലങ്ങളിൽ. അമ്പലപ്പറമ്പിലെ സ്കൂൾകൂട്ടുകാരും വളക്കച്ചവടക്കാരും എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു. കൂട്ടുകാരെക്കാണുമ്പോൾ കൈയും വിടുവിച്ചവരുടെ അരികിലെത്താൻ വാശിപിടിക്കുന്നതും പിടിവിട്ടാലടികിട്ടും, ഈ ആൾകൂട്ടത്തിൽ എവിടെയെന്നുവച്ചു നോക്കാനാ, നിന്റെ അമ്മയ്ക്കു ഞാനുത്തരം പറയേണ്ടിവരും എന്നും പറഞ്ഞുകൊണ്ടുള്ള അമ്മമ്മയുടെ ശകാരവും കണ്ണുരുട്ടലും ഇപ്പോഴും കണ്ണിൽ തെളിയുന്നു. അമ്പലക്കൊട്ടും ചെണ്ടമേളവും ശംഖനാദവും സോപാനഗീതവും നീണ്ട 30വർഷക്കാലങ്ങൾ ഞാൻ മിസ്സ്‌ ചെയ്ത ഗൃഹാതുരതയുടെ സുവർണ്ണസ്മരണകൾ ആണ്.
പൂജവച്ചാൽ മനസ്സ് ഫ്രീയാക്കി അയലത്തെ കൂട്ടുകാരും അനിയത്തിമാരും ചേർന്നു കളിച്ചർമ്മാദിച്ചു നടക്കും. വിശക്കുമ്പോൾ ആഹാരം കഴിക്കാൻ വിളിച്ചാൽപോലും അമ്മയോട് നീരസം തോന്നുമായിരുന്നു.
പൂജവയ്ക്കാനുള്ളപുസ്തകങ്ങൾ ബ്രൗൺനിറത്തിലെ അട്ടപ്പേപ്പറിൽ പൊതിഞ്ഞു കുടുംബപ്പേരെഴുതിത്ത രുന്നത് മൂത്ത ആങ്ങളായാണ്.. അത് അമ്പലത്തിൽക്കൊണ്ടുപോയി തിരുമേനിയെയേൽപ്പിക്കാൻ എല്ലാവരുംകൂടെ ഒരു കൂട്ടായയാത്രപോകുമ്പോൾ മനസ്സിൽ പണ്ടേ അമ്മ പാകിയ സ്നേഹത്തിന്റെ വിത്തുകൾ മുളച്ചുപൊങ്ങി തളിർത്തുവരുന്ന സുഖമാണ് അനുഭവപ്പെടാറുള്ളത്.

പൂജയെടുക്കുന്നദിവസം അമ്പലത്തിൽ പോകുന്നതും എന്താണ് പ്രാർത്ഥിക്കേണ്ടത് എന്നറിയാതെ നടയ്ക്കൽ കണ്ണടച്ചു കൈകൂപ്പിനില്ക്കുന്നതും വിദ്യാരംഭത്തിന്റെ വെടിപൊട്ടുന്നതു കാത്തുനില്ക്കുന്നതും വെടികേട്ടാൽ ഉടനെ എല്ലാവരും ഒരുമിച്ച് പ്രദക്ഷിണവഴിയൊഴിഞ്ഞിരുന്നു പൂഴിയിൽ ഹരിശ്രീകുറിക്കുന്നതും അതുകഴിഞ്ഞ് വീട്ടിലെത്തിയാൽ പൂജയ്ക്കുവച്ചിരുന്ന പുസ്തകം വായിക്കാനിരിക്കുന്നതും നെറ്റിയിൽ കുങ്കുമവും ചന്ദനക്കുറിയും തൊട്ട അമ്മ സ്നേഹത്തോടെ എല്ലാവർക്കും പ്രാതൽ വിളമ്പുന്നതും ഒക്കെ ഓർമ്മയിൽ ഓടിക്കളിക്കുന്നു. പഠിക്കാൻ എത്രതന്നെ മടിയുണ്ടെങ്കിലും പൂജയ്ക്കുവച്ച പുസ്തകം തുറന്നാൽ, പട്ടിണി കിടന്നവന്റെ മുന്നിലെ ഭക്ഷണപ്പൊതിയോടെന്നപോലെ അക്ഷരങ്ങളോട് ഒരുതരം ആർത്തി അനുഭവപ്പെട്ടിരുന്നു അന്ന്.
ആരോ വാട്സാപ്പിൽ അയച്ചുകൊടുത്ത
"സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം .... പ്രേമവതിയാം എൻപ്രിയകാമുകി താമസിക്കും ഗ്രാമം.. "
എന്ന നൊസ്റ്റാൾജിക് ഗാനവുമായി
ഏട്ടൻ മുറിയിലേയ്ക്കു കയറിവന്നപ്പോഴാണ് മൂകാംബികക്ഷേത്രവും അമ്മവീടും വിട്ട് സ്ഥലകാലബോധം എന്റെ സ്മൃതിപഥം പൂകിയത്. എവിടെപ്പോയാലും മാതൃരാജ്യവും മാതൃഭാഷയും മാതാവിനെപ്പോലെ ചുറ്റിപ്പറ്റി സുഖമുള്ള ഒരു ചൂടു നല്‌കി നമ്മെ പുല്കിനടക്കും സദാ... അല്ലേ?

'വിദ്യാധനം സർവ്വധനാൽ പ്രധാനം'
എന്ന് വൈകിയറിഞ്ഞ വിഡ്ഢിയാണ് ഞാൻ.
അക്ഷരം
അച്ഛനെഴുത്തിനിരുത്തിയതും
ആഗ്രഹമായൊരു വാക്കെഴുതാൻ,
ഇത്തിരിയുള്ള വിരൽ വളയാൻ
ഈണമൊടന്നു കരഞ്ഞതിലും
ഉണ്ടൊരു നല്ല സുഖം നിനവിൽ.
എന്തിനുമേതിനുമക്ഷരമാം
ഏണിയതിൻ തുണ കൂടെവരും.
ഐക്യമതായി നിരക്കുകിലോ
ഒത്തൊരു നൽക്കവിതാപദമായ്
ഓടിയണച്ചുവരുന്നരികിൽ.
അമ്പുകളാകരുതക്ഷരമേ
അൻപു നിറഞ്ഞൊരു സ്നേഹിതയായ്
അമ്പിളിപോലൊരുവെട്ടവുമായ്
അക്ഷികളോടുരചെയ്തുവരാം.

No comments:

Post a Comment

2018 - ഒരു തിരിഞ്ഞുനോട്ടം

  2018നെ പലരും വിലയിരുത്തിയിരിക്കുന്നതുകണ്ട് ഞാനും ഒന്നു തിരിഞ്ഞു നോക്കുകയാണ്... ചുമ്മാ പറയരുതല്ലോ....വലിയ മോശമില്ലാതെ കടന്നുപോയി ട്ടോ. ഏറ്റ...